'എന്താണിത്? പാര്‍ലമെന്റ് മന്ദിരമോ ശവപ്പെട്ടിയോ?'; ആര്‍ജെഡി ട്വീറ്റ് വിവാദത്തിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്താണ് ആര്‍ജെഡിയുടെ ട്വീറ്റ്. പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം 'യേ ക്യാ ഹേ' (എന്താണിത്) ഹിന്ദിയില്‍ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി ഉയര്‍ത്തുന്നത്. ആര്‍ജെഡിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
രാജ്യത്തിന്റെ യശസ്സായ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. '' ഇതിനേക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാര്‍ലമെന്റ് പൊതുപണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നവരും പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ഭാഗമാകും. പാര്‍ലമെന്റ് സ്ഥിരമായി ബഹിഷ്‌കരിക്കാന്‍ ആര്‍ജെഡി തീരുമാനിച്ചോ? അവരുടെ എംപിമാര്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവയ്ക്കുമോ? '' - സുശീൽ കുമാര്‍ മോദി ചോദിച്ചു. ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍പ്പരം അനാദരവ് എന്താണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
2024 തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് അവസരം നല്‍കാതെ രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ അതേ ശവപ്പെട്ടിയില്‍ അടക്കം ചെയ്യുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആര്‍ജെഡിക്കെതിരെ പ്രതികരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതും ശവപ്പെട്ടി ആര്‍ജെഡിക്കുള്ളതുമാണെന്നും ഭാട്ടിയ പ്രതികരിച്ചു. മറ്റ് നിരവധിപേരും ആര്‍ജെഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ട്വീറ്റിലെ ശവപ്പെട്ടി ജനാധിപത്യം കുഴിച്ചുമൂടപ്പെടുന്നതിനെ പ്രതിനിധാനം ചെയ്യുന്നതാണെന്നാണ് ആര്‍ജെഡി നേതാവ് ശക്തി സിങ് യാദവ് നൽകിയ വിശദീകരണം. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും ചര്‍ച്ചകള്‍ക്കുള്ള ഇടവുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആര്‍ജെഡിയുടെ ട്വീറ്റ്. ആര്‍ജെഡി ഉള്‍പ്പെടെ 20 രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചിട്ടുണ്ട്,