ബിജെപി അനുഭാവിക്ക് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമനം; വിക്ടോറിയ ഗൗരിക്കെതിരായ പരാതികൾ വീണ്ടും സുപ്രീംകോടതിയില്‍
ബിജെപി ബന്ധത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടവെ, മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വിക്ടോറിയ ഗൗരിക്കെതിരായ പരാതികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ജഡ്ജിയായി നിയമിക്കാൻ പേര് പരാമർശിച്ചപ്പോൾ മുതലുള്ള പരാതികൾ നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മത ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും മുൻ ബിജെപി നേതാവാണ് വിക്ടോറിയ ഗൗരി എന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകരടക്കം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. പരാതികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ഹർജി കേട്ട് രാവിലെ കോടതി പറഞ്ഞിരുന്നു. തുടർന്നാണ് വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറക്കിയത്. വിവിധ ഹൈക്കോടതികളിലേക്കുള്ള 13 ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഇതില്‍ വിക്ടോറിയ ഗൗരിയും ഉള്‍പ്പെടുന്നു.
ഗൗരിയുടെ കാര്യത്തിൽ ചില സുപ്രധാന വിവരങ്ങൾ സുപ്രീംകോടതി കൊളീജിയത്തിൽ നിന്ന് മറച്ചുവച്ചെന്ന് ആരോപണം
ജഡ്ജിയായി നിയമിക്കപ്പെട്ടു എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് കോടതി കൂടിയപ്പോൾ വീണ്ടും അഭിഭാഷകർ ഇത് സംബന്ധിച്ച പ്രശ്നം കോടതി മുൻപാകെ പരാമർശിച്ചു. അടിയന്തരമായി വാദം കേൾക്കണ്ട വിഷയമാണെന്നും കേന്ദ്രം നിയമന ഉത്തരവ് ഇറക്കിയെന്നുമുള്ള വിവരം അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഗൗരിയുടെ കാര്യത്തിൽ ചില സുപ്രധാന വിവരങ്ങൾ സുപ്രീംകോടതി കൊളീജിയത്തിൽ നിന്ന് മറച്ചുവച്ചു. അതുകൊണ്ടു തന്നെ ഉചിതമായ തീരുമാനം എടുക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം കൃത്യമായ ആലോചനകൾക്ക് ശേഷമേ ശുപാർശകൾ പുറത്തിറക്കാൻ പാടുള്ളൂ. ഇത് നടക്കാത്തതുകൊണ്ടു തന്നെ ഗൗരിയുമായി ബന്ധപ്പെട്ട ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ അന്നാ മാത്യൂസ്, സുധാ രാമലിംഗം, ഡി നാഗശില എന്നിവർ കോടതി മുൻപാകെ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.
ശുപാർശ നൽകി നിയമന ഉത്തരവിറങ്ങി കഴിഞ്ഞാൽ പിന്നീട് കൊളീജിയത്തിന് വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത
ഇതേതുടർന്നാണ് നാളെ തന്നെ വിഷയം പരിഗണിക്കാമെന്ന് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിക്ടോറിയ ഗൗരിക്കെതിരെ ഉയർന്ന പരാതികളിൽ നേരത്തെ തന്നെ കോടതി വിവരങ്ങൾ തേടിയിരുന്നു എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാധാരണയായി കൊളീജിയം ശുപാർശ നൽകി നിയമന ഉത്തരവിറങ്ങി കഴിഞ്ഞാൽ പിന്നീട് കൊളീജിയത്തിന് വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത. അതുകൊണ്ടു തന്നെ നാളെ ഈ വിഷയത്തിൽ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളത് നിർണായകമാണ്.