'യാഗം നടന്നെന്ന് ഉറപ്പ്, ക്ഷേത്രത്തിന്റെ  പേരോ സ്ഥലമോ വെളിപ്പെടുത്താനില്ല'; വിശദീകരണവുമായി ഡി കെ ശിവകുമാര്‍

'യാഗം നടന്നെന്ന് ഉറപ്പ്, ക്ഷേത്രത്തിന്റെ പേരോ സ്ഥലമോ വെളിപ്പെടുത്താനില്ല'; വിശദീകരണവുമായി ഡി കെ ശിവകുമാര്‍

പൂജയും യാഗവും മൃഗബലിയും ഉള്‍പ്പടെ ദുര്‍മന്ത്രവാദ കര്‍മങ്ങള്‍ നടന്നത് ഒരു ക്ഷേത്രത്തിനു സമീപമാണ്
Updated on
1 min read

കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗം നടന്നെന്ന കാര്യം നിഷേധിക്കാതെ ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍. രാജ രാജേശ്വര ക്ഷേത്രത്തില്‍ യാഗം നടന്നെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ക്ഷേത്രത്തിന്റെ പേരോ സ്ഥലമോ വെളിപ്പെടുത്താനില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പൂജയും യാഗവും മൃഗബലിയും ഉള്‍പ്പടെ ദുര്‍മന്ത്രവാദ കര്‍മങ്ങള്‍ നടന്നത് ഒരു ക്ഷേത്രത്തിനു സമീപമാണ്. ക്ഷേത്രം എവിടെയാണെന്നോ ഏതു ക്ഷേത്രമാണെന്നോ പറഞ്ഞിട്ടില്ല. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ മുന്‍പ് പോയിട്ടുണ്ട്. രാജരാജേശ്വരി ദേവിയുടെ ഭക്തനാണ് താന്‍. യാഗം നടന്നത് ക്ഷേത്രത്തിലല്ല അങ്ങനെ പറഞ്ഞിട്ടുമില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് ' ഡികെ മാധ്യമങ്ങളോട് വിശദീകരിച്ചു. ആരുടേയും വിശ്വാസ പ്രമാണങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളം കേന്ദ്രീകരിച്ച് ആഭിചാരക്രിയകള്‍ നടക്കുന്നുവെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമായിരുന്നു ഡി കെ ശിവകുമാര്‍ ഉന്നയിച്ചത്. രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം അഘോരികളുടെ സാന്നിധ്യത്തില്‍ യാഗവും ശേഷം മൃഗബലിയും നടന്നെന്നായിരുന്നു ഡികെയുടെ വെളിപ്പെടുത്തല്‍. യാഗത്തില്‍ പങ്കെടുത്ത ആള്‍ നല്‍കിയ വിവരങ്ങള്‍ ഒരു കടലാസില്‍ നോക്കി വായിച്ചു കൊണ്ടായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ശത്രു ഭൈരവി യാഗം ഉള്‍പ്പടെയുള്ള പ്രത്യേക കര്‍മങ്ങള്‍ നടത്തിയവരെക്കുറിച്ച് തനിക്ക് അറിയാമെന്നും അവര്‍ അതില്‍ വിദഗ്ധര്‍ ആണെന്നും ഡികെ പറഞ്ഞിരുന്നു. രാഷ്ട്രീയ ശത്രുക്കളാണോ, എതിര്‍ ചേരികളിലെ പാര്‍ട്ടികളായ ജെഡിഎസിനും ബിജെപിക്കും പങ്കുണ്ടോ എന്നീ ചോദ്യങ്ങളില്‍നിന്ന് ശിവകുമാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

'യാഗം നടന്നെന്ന് ഉറപ്പ്, ക്ഷേത്രത്തിന്റെ  പേരോ സ്ഥലമോ വെളിപ്പെടുത്താനില്ല'; വിശദീകരണവുമായി ഡി കെ ശിവകുമാര്‍
'കേരളത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടക്കാൻ സാധ്യതയില്ല'; ഡികെ ശിവകുമാറിനെ തള്ളി മന്ത്രി കെ രാധാകൃഷ്ണൻ

വെളിപ്പെടുത്തല്‍ കേരളത്തിലെ സര്‍ക്കാരും ദേവസ്വം വകുപ്പും ഇത്ര ഗൗരവമായി സമീപിക്കുമെന്നു ചിന്തിക്കാതെ ആയിരുന്നു ഡികെ ശിവകുമാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവം കേരളത്തില്‍ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായുള്ള ഡികെയുടെ വരവ്. കര്‍ണാടകയിലെ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിച്ച അമ്പ് കേരളത്തില്‍ തിരിച്ചടിയായതോടെയാണ് യാഗത്തില്‍ ഉറച്ചു നില്‍ക്കാനും സ്ഥലം വെളിപ്പെടുത്താതിരിക്കാനുമുള്ള തന്ത്രം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in