മണിപ്പൂരിൽ അക്രമികളും സുരക്ഷാസേനയും ഏറ്റുമുട്ടി; കലാപകാരികൾ പോലീസ് വേഷത്തിൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഇംഫാലില്‍ ജനക്കൂട്ടവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. രണ്ട് വീടുകൾ കത്തിക്കാൻ ശ്രമം നടന്നു.
ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും റബര്‍ ബുള്ളറ്റുകൾ ഉപയോഗിച്ച് സുരക്ഷാസേന ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ക്വാക്ത, കാങ്വായ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ സംഘര്‍ഷങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇംഫാല്‍ വെസ്റ്റിലെ ഇറിംഗ്ബാം പോലീസ് സ്‌റ്റേഷന്‍ കൊള്ളയടിക്കാൻ കലാപകാരികള്‍ ശ്രമിച്ചു. ആയുധങ്ങളൊന്നും മോഷണം പോയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആയിരത്തോളം പേര്‍ ഒന്നിച്ച് കൂടി കെട്ടിടങ്ങള്‍ക്ക് തീയിടാനും ശ്രമം നടന്നു.
മണിപ്പൂരില്‍ വീണ്ടും ആക്രമണങ്ങള്‍ ശക്തമായേക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ അക്രമികള്‍ എത്തിയേക്കാമെന്നാണ് മണിപ്പൂര്‍ പോലീസിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഏകോപിതമായ ആക്രമണത്തിലൂടെ സംസ്ഥാനത്തെ കലാപം ആളിക്കത്തിക്കാനുളള നീക്കമാണ് കലാപകാരികള്‍ നടത്തുന്നതെന്നും മുന്നറിയിപ്പ് നിര്‍ദേശത്തിലുണ്ട്.
ബിഷപ്പൂര്‍ ജില്ലയിലെ ഒരു തയ്യല്‍ക്കാരന്‍ 500 മണിപ്പൂര്‍ പോലീസ് കമാന്‍ഡോ യൂണിഫോമുകള്‍ തുന്നാന്‍ കരാര്‍ എടുത്തിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി കണ്ടെത്തി. ചുരാന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കലാപകാരികൾ കമാന്‍ഡോകളായി വേഷംമാറി ആക്രമണം നടത്തിയേക്കും. ഇന്നും നാളെയുമായി അക്രമം ശക്തമാക്കാനാണ് തീരുമാനമെന്ന് സംശയിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച കാങ്‌പോക്പി ജില്ലയിലെ ഖോകെന്‍ ഗ്രാമത്തിലെത്തിയ സംഘം ആളുകള്‍ക്ക് നേരെ നടന്ന് വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന ഗ്രാമത്തില്‍ കടന്നവരാണ് ആക്രമണം നടത്തിയത്.
അക്രമം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടിയന്തര ശ്രദ്ധ നല്‍കണമെന്ന് മുന്‍ ആര്‍മി ചീഫ് ജനറല്‍ വേദ് പ്രകാശ് മാലിക് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ടാഗ് ചെയ്താണ് വേദ് മാലിക് ട്വീറ്റ് ചെയ്തത്.
വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറല്‍ എല്‍ നിഷികാന്ത സിംഗിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു വേദ് മാലിക്. 'വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരന്‍ മാത്രമാണ് ഇപ്പോള്‍ ഞാന്‍. മണിപ്പൂര്‍ ഇപ്പോള്‍ ഭരണകൂടമില്ലാത്ത സംസ്ഥാനമായി മാറിയിരിക്കുകയാണ്. ലിബിയ, ലെബനന്‍, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്ന പോലെ ജീവനും സ്വത്തുക്കളും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ മണിപ്പൂര്‍ ഉള്ളത്'. കേന്ദ്രമന്ത്രി ആര്‍ കെ രഞ്ജന്‍ സിഗിന്റെ വീടിന് ജനക്കൂട്ടം തീയിട്ടതിന് പിന്നാലെ നിഷികാന്ത സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞദിവസം ആയിരത്തിലധികം പേരടങ്ങുന്ന സംഘം കേന്ദ്ര കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്റെ വീടിന് തീവച്ചിരുന്നു. ആക്രമണ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മണിപ്പൂരിലെ ക്രമസമാധാന നില പൂർണമായും തകർന്നതായി ആർ കെ രഞ്ജൻ സിങ് പിന്നീട് പ്രതികരിച്ചു.