സംഘർഷങ്ങൾക്ക് അയവില്ലാതെ മണിപ്പൂർ; പോലീസ് മേധാവി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും, ധനസഹായ പദ്ധതിയുമായി കേന്ദ്രം
മണിപ്പൂര്‍ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഡിജിപിയോട് നേരിട്ട് ഹാജരായി അക്രമങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചരിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമാണെന്ന് പറഞ്ഞ കോടതി സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്കാരം ഹൈകോടതി തടഞ്ഞതിന് പിന്നാലെ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കാങ്‌വായ് ജില്ലയുടെ അതിർത്തിയിൽ സംഘർഷം തുടർന്നു. രാത്രിയോടെ കുകി-സോമി സ്ത്രീകളും ആയുധധാരികളായ സന്നദ്ധപ്രവർത്തകരും അതിർത്തിയിൽ തടിച്ചുകൂടി.
അതിനിടെ, മണിപ്പൂരിലെ വംശീയ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് കേന്ദ്രം ധനസഹായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾക്കും വ്യക്തിഗത വസ്തുക്കൾക്കും ഒറ്റത്തവണ ധനസഹായം അനുവദിക്കും. കർഷകർക്കായി പ്രത്യേക പാക്കേജ്, താത്ക്കാലിക പാർപ്പിടം, അക്രമം ബാധിച്ച ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കും കമ്പ്യൂട്ടർ സെന്ററുകൾക്കുമായി ടെലിവിഷൻ സെറ്റുകൾ അനുവദിക്കുമെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
360ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി 56,000-ത്തിലധികം ആളുകൾ കഴിയുന്നുണ്ടെന്നാണ് കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കുമായി 5.65 കോടി രൂപയുടെ ഒറ്റത്തവണ ധനസഹായം അനുവദിച്ചേക്കും. സംഘർഷം കാർഷിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചതിനാൽ, കർഷകർക്ക് നഷ്ടപരിഹാരമായി 38.6 കോടി രൂപയുടെ പാക്കേജ് നൽകാനും നിർദേശമുണ്ട്.
ദുരിതബാധിതർക്ക് താത്ക്കാലിക വീടുകൾ നിർമിക്കാൻ 150 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചേക്കും. അക്രമത്തിൽ 4,500 വീടുകൾ തകർന്നതായും സ്‌കൂളുകൾ, പള്ളികൾ, കമ്മ്യൂണിറ്റി ഹാളുകൾ, ഒഴിഞ്ഞ സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ താമസിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി ആളുകളെ സെമി പെർമനന്റ് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിന്റെ നിർദേശമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കായി 5 ലക്ഷം രൂപ ചെലവിൽ 300 ചതുരശ്ര അടി വിസ്തീർണമുള്ള ഓരോ വീടും നിർമിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 18 വയസിന് താഴെയുള്ള വിദ്യാർഥികൾക്കായി പ്രാദേശിക പഞ്ചായത്ത് ഓഫീസുകളിൽ ടിവികൾ സ്ഥാപിക്കും. അക്രമം കാരണം സംസ്ഥാനത്ത് ഇന്റർനെറ്റ് താത്ക്കാലികമായി നിർത്തിവച്ചതിനാൽ സ്കൂളുകളിലേക്കും ഓൺലൈൻ പഠനങ്ങളിലേക്കും പ്രവേശനം നഷ്ടപ്പെട്ട വിദ്യാർഥികൾക്കായാണിത്. 4.5 കോടി രൂപ ചെലവിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി 450 ഓളം ടെലിവിഷൻ സെറ്റുകൾ ക്യാമ്പുകളിൽ സ്ഥാപിക്കാനാണ് പദ്ധതി.
അക്രമ ബാധിത ജില്ലകളിലെ ആയിരത്തിലധികം കമ്പ്യൂട്ടറുകൾ നൽകാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. അക്രമം സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ജൂണിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അടിയന്തര ചെലവുകൾക്കായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കേന്ദ്ര നികുതിയുടെ പ്രതിമാസ വിഹിതം 150 കോടി രൂപയായി വർധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അക്രമസംഭവങ്ങൾ സംസ്ഥാനത്തിന്റെ നികുതി പിരിവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഏപ്രിലിൽ 211 കോടി രൂപയായിരുന്നത് മെയ് മാസത്തിൽ 110 കോടിയായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.