രാഹുലോ? മോദിയോ?
സാമൂഹിക മാധ്യമങ്ങളിൽ കെങ്കേമനാര്? സൈബർ ലോകത്ത് പുതിയ പോർമുഖം

രാഹുലോ? മോദിയോ? സാമൂഹിക മാധ്യമങ്ങളിൽ കെങ്കേമനാര്? സൈബർ ലോകത്ത് പുതിയ പോർമുഖം

രണ്ടുനേതാക്കളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ കഴിയുന്നത്ര കണക്കുകൾ നിരത്തിയാണ് ഇരുവിഭാഗവും പോർമുഖം തുറന്നിരിക്കുന്നത്
Updated on
2 min read

സമൂഹമാധ്യമങ്ങളിലെ കെങ്കേമൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ എന്നതിനെ ചൊല്ലി കോൺഗ്രസ്,ബിജെപി സൈബർ അണികൾക്കിടയിൽ പോര് തുടങ്ങി. ഇരുനേതാക്കളുടെയും ജനപ്രീതിയാണ് ഇത്തവണത്തെ തർക്ക വിഷയം. രണ്ടുനേതാക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലെ കഴിയുന്നത്ര കണക്കുകൾ നിരത്തിയാണ് ഇരുവിഭാഗവും പോർമുഖം തുറന്നിരിക്കുന്നത്.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോഴായിരുന്നു സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ കൂടുതൽ കാഴ്ചക്കാരെന്ന് തെളിയിക്കുന്ന കണക്കുകളുമായി ആദ്യം കോൺഗ്രസാണ് രംഗത്തെത്തിയത്. ഒപ്പം രാഹുൽ ഗാന്ധിയുടെ എക്‌സിലെ കഴിഞ്ഞ 30 ട്വീറ്റുകൾ 78.13 ദശലക്ഷം തവണ ഉപയോക്താക്കൾ (ഇമ്പ്രഷൻ) കണ്ടുവെന്നും അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ ടീം വാദിച്ചു. അതേസമയം മോദിയുടേത് 21.59 ലക്ഷം മാത്രമെന്ന് പറയുന്ന കണക്കുകളും ഇവർ പുറത്തുവിട്ടിരുന്നു.

രാഹുലല്ല തങ്ങളുടെ നേതാവായ നരേന്ദ്ര മോദിയാണ് സാമൂഹിക മാധ്യമ റേസിലെ യഥാർത്ഥ വിജയിയെന്ന് കാണിക്കുന്ന കണക്കുകളുമായി തൊട്ടുപിന്നാലെ ബിജെപി സൈബർ സംഘവുമെത്തി. മോദിയുടെ എക്‌സിലെ അക്കൗണ്ടിലുള്ള എൻഗേജ്‌മെന്റ് കണക്കുകളായിരുന്നു വാദം സമർത്ഥിക്കാൻ സംഘം പുറത്തുവിട്ടത്. മോദിയുടെ അക്കൗണ്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 79.9 ലക്ഷം എൻഗേജ്‌മെന്റ് ഉണ്ടായപ്പോൾ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ ഏകദേശം 23.43 ലക്ഷം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

കൂടാതെ ഫേസ്ബുക് അക്കൗണ്ടിലെ എൻഗേജ്‌മെന്റ് കണക്കുകളിലും മോദിയാണ് മുൻപന്തിയിൽ. ബിജെപിയുടെ കണക്കനുസരിച്ച്, മോദിയുടെ അക്കൗണ്ടിൽ 3.25 കോടി എൻഗേജ്‌മെന്റ് ലഭിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് 1.88 കോടി മാത്രമേ ലഭിച്ചുള്ളൂ. പോരാട്ടം അവിടെയും അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന ബിജെപി ടീം ഇരുനേതാക്കളുടെയും യൂട്യൂബ് ചാനലുകളിലെ കാഴ്ചക്കാരുടെ എണ്ണവും കുത്തിപ്പൊക്കി. അവിടെയും മോദി തന്നെയായിരുന്നു വിജയി. അദ്ദേഹത്തിന് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 25.46 കോടി കാഴ്ചക്കാർ ഉണ്ടായിരുന്നു. എന്നാൽ രാഹുലിന് വെറും 4.82 കോടി മാത്രമേ ഉള്ളുവെന്നും ബിജെപി സൈബർ സംഘം പറയുന്നു.

ഈ വർഷം ഇതുവരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ ഏകദേശം 75.79 കോടി വ്യൂസ് നേടിയപ്പോൾ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് 25.38 കോടി വ്യൂസ് മാത്രമേ നേടിയിട്ടുള്ളുവെന്നും ബിജെപി പറഞ്ഞു. അതുകൊണ്ടും കലിയടങ്ങാതെ പ്രധാനമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവെഴ്സിന്റെ എണ്ണം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളും സാമൂഹിക മാധ്യമങ്ങളിൽ ബിജെപി സൈബർ സംഘം പ്രചരിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in