സാമ്പത്തിക സംവരണം: ദക്ഷിണേന്ത്യയില്‍ എതിർപ്പ് ശക്തം; പുനഃപരിശോധനക്കൊരുങ്ങി കോണ്‍ഗ്രസ്

സാമ്പത്തിക സംവരണം: ദക്ഷിണേന്ത്യയില്‍ എതിർപ്പ് ശക്തം; പുനഃപരിശോധനക്കൊരുങ്ങി കോണ്‍ഗ്രസ്

മുന്‍ ധനമന്ത്രി പി ചിദംബരവുമായി കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്
Updated on
1 min read

സാമ്പത്തിക സംവരണത്തിലെ സുപ്രീംകോടതി വിധിയെ പിന്തുണച്ച നിലപാട് പുനഃപരിശോധിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിധിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിക്കാനൊരുങ്ങുന്നെന്നാണ് വിവരം. വിധി സംബന്ധിച്ചും, സംവരണ വിധിയോട് എങ്ങനെയാണ് ദക്ഷിണേന്ത്യന്‍ ജനങ്ങളുടെ സമീപനം എന്നതിനെക്കുറിച്ചും മുന്‍ ധനമന്ത്രി പി ചിദംബരവുമായി കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രീംകോടതി ശരിവെച്ചിരുന്നു. 2019 ജനുവരിയിലാണ് പാര്‍ലമെന്റ് ഭേദഗതി പാസാക്കുന്നത്. എല്ലാ സമുദായങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് 2014 മുതല്‍ കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സാമ്പത്തിക സംവരണം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. രണ്ട് ജഡ്ജിമാര്‍ക്ക് മാത്രമാണ് ഭിന്നാഭിപ്രായമുണ്ടായത്. അഞ്ച് ജഡ്ജിമാരും വിധിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് വിധിയെ വിശദമായി പഠിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നതെന്നും ജയറാം രമേശ് കൂട്ടിചേര്‍ത്തു.

ജാതി സെന്‍സസ് നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ല്‍ പാര്‍ലമെന്റില്‍ ബില്‍ ഭേദഗതിയെ പിന്തുണച്ചിരുന്നെങ്കിലും വിശദമായി പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അത് തള്ളുകയായിരുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് ആദ്യം സ്വാഗതം ചെയ്‌തെങ്കിലും ഡിഎംകെയില്‍ നിന്നും ആര്‍ജെഡിയില്‍ നിന്നും ചില ഉന്നത നേതാക്കളില്‍ നിന്നും വ്യത്യസ്ത അഭിപ്രായമുയർന്നിരുന്നു. സാമ്പത്തിക സംവരണത്തിനുമേലുള്ള നിലപാട് പുനഃപരിശോധിക്കാമെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തിയിരിക്കുന്നത് ഇതിന് പിന്നാലെയാണ്.

logo
The Fourth
www.thefourthnews.in