കാന്തി ഖരാദി
കാന്തി ഖരാദി

ഗുജറാത്ത്: ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടരും ആക്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; 'രക്ഷപ്പെട്ടത് കാട്ടിലേക്ക് ഓടി'

കാന്തി ഖരാദിയെ ബിജെപി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചെന്ന് രാഹുൽ ഗാന്ധി
Updated on
1 min read

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടിങ് പുരോഗമിക്കെ സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ബിജെപി ആക്രമണത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടി വന്നെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ദന്ത നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തി ഖരാദിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ലതു പര്‍ഗിയില്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ആയുധങ്ങളുമായി ബിജെപി ആക്രമിക്കാനെത്തി

തന്റെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടരും തന്നെ ആക്രമിക്കാനെത്തിയെന്നും ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കാട്ടിലേക്ക് രക്ഷപ്പെടേണ്ടി വന്നു എന്നുമാണ് കാന്തി ഖരാദിയുടെ വെളിപ്പെടുത്തല്‍. കാറില്‍ തിരിച്ചു പോവുകയായിരുന്ന ഞങ്ങളെ ബിജെപി ആയുധങ്ങളുമായി ആക്രമിക്കാനെത്തി. 15 കിലോമീറ്ററോളം ഞങ്ങള്‍ക്ക് കാട്ടിലൂടെ ഓടേണ്ടി വന്നുവെന്നും കാന്തി ഖരാദി വെളിപ്പെടുത്തി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് തന്റെ മണ്ഡലത്തില്‍ എത്തിയത്. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എനിക്ക് രക്ഷപ്പെടേണ്ടി വന്നുവെന്നും കാന്തി ഖരാദി.

കാന്തി ഖരാദിയെ ബിജെപി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചെന്നും അദ്ദേഹത്തെ കാണാനില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 'ദന്ത നിയമസഭാ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായ കാന്തി ഖരാദിയെ ബിജെപി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രദേശത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പട്ടികവര്‍ഗ സമുദായങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ബനസ്‌കന്ത ജില്ലയില്‍ നിന്നുള്ള ദന്ത നിയമസഭാ മണ്ഡലം. രണ്ടാം ഘട്ട ഗുജറാത്ത് തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് ദന്ത മണ്ഡലത്തിലെ ജനങ്ങളും വിധിയെഴുതുകയാണ്.

logo
The Fourth
www.thefourthnews.in