ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി

ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി

പിസിസി അധ്യക്ഷ പ്രതിഭ സിങ്, പ്രചാരണ സമിതി തലവൻ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്
Updated on
1 min read

രണ്ട് ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷം, ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം. ഇതുസംബന്ധിച്ച് യോഗം പ്രമേയം പാസാക്കി. പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്, പിസിസി മുന്‍ അധ്യക്ഷനും പ്രചാരണ സമിതി തലവനുമായ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്.

40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു പാർട്ടി. മുഖ്യമന്ത്രി പദവിക്കായി ചരടുവലികള്‍ മുറുകിയതോടെ പ്രതിസന്ധി കടുത്തു. സുഖ്‍വീന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് 21 എംഎല്‍എമാർ ആവശ്യപ്പെട്ടു. പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനായി പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. പിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഭയ്ക്കായി മുദ്രാവാക്യം വിളിച്ചു. എഐസിസി നിരീക്ഷകനായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടയുകയും ചെയ്തു. ഷിംലയിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നടക്കുമ്പോള്‍ നിരവധി പ്രവർത്തകരാണ് പുറത്തുതടിച്ചുകൂടിയിരുന്നത്.

ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി
ഹിമാചലിൽ ആരാകും മുഖ്യമന്ത്രി? കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ഷിംലയിൽ

സുഖുവിനും മുകേഷ് അഗ്നിഹോത്രിക്കുമൊപ്പം രാജേന്ദ്ര റാണയേയും എഐസിസി പരിഗണിക്കുന്നുണ്ടെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഭാ സിങ്ങിന്റെ മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ്ങിനെ മന്ത്രിസഭയിലെ സുപ്രധാന വകുപ്പില്‍ ഉള്‍പ്പെടുത്താനും പാർട്ടി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെ കൂട്ടായി തീരുമാനിക്കുമെന്നും ഗ്രൂപ്പിസമില്ലെന്നും പ്രതിഭാ സിങ് പാർട്ടി യോഗത്തിനെത്തിയപ്പോള്‍ പ്രതികരിച്ചിരുന്നു. ഭിന്നതയില്ലെന്ന് എഐസിസി നിരീക്ഷകന്‍ രാജീവ് ശുക്ലയും പറഞ്ഞു. താന്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല എന്നാണ് സുഖ്‍വീന്ദർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ അച്ചടക്കമുള്ള ഭടനാണ്. ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും സുഖ്‍വീന്ദർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in