ഹരിയാനയില്‍ വോട്ട് വിഹിതം കൂട്ടി കോണ്‍ഗ്രസ്, നേരിയ വര്‍ധനയുമായി ബിജെപി; 2019നെ അപേക്ഷിച്ച് വോട്ട് വിഹിതം മാറി മറിഞ്ഞത് എങ്ങനെ?

ഹരിയാനയില്‍ വോട്ട് വിഹിതം കൂട്ടി കോണ്‍ഗ്രസ്, നേരിയ വര്‍ധനയുമായി ബിജെപി; 2019നെ അപേക്ഷിച്ച് വോട്ട് വിഹിതം മാറി മറിഞ്ഞത് എങ്ങനെ?

ഹരിയാനയിൽ ബിജെപിയുടെ വോട്ട് വിഹിതം വിശകലനം ചെയ്യുമ്പോള്‍ മുന്‍ നിയമസഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേരിയ പുരോഗതി മാത്രം
Updated on
1 min read

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. എന്നാല്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വിശകലനം ചെയ്യുമ്പോള്‍ മുന്‍ നിയമസഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേരിയ പുരോഗതി മാത്രമാണ് കാണിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ബിജെപിയുടെ വോട്ട് വിഹിതം 39.89 ശതമാനമാണ്. 2019ലെ തിരഞ്ഞെടുപ്പിലെ 36.49 ശതമാനത്തില്‍നിന്ന് നേരിയ വര്‍ധന മാത്രമാണ് കാണിക്കുന്നത്. കേവലം 3.4 ശതമാനം പോയിന്‌റിന്‌റെ വോട്ട് വളര്‍ച്ചയാണ് ബിജെപിക്കുള്ളത്.

അതേസമയം, കോണ്‍ഗ്രസിന്‌റെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2019-ലെ 28.08 ശതമാനത്തില്‍നിന്ന് 2024-ല്‍ 39.09 ശതമാനം വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. അതായത് 11.01 ശതമാനത്തിന്‌റെ വര്‍ധന.

സീറ്റുകളുടെ കണക്ക് താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ നേടിയ 40 സീറ്റുകളില്‍നിന്ന് എട്ട്‌സീറ്റുകള്‍ അധികമായി 48 സീറ്റാണ് ഇത്തവണ ബിജെപി നേടിയത്. കോണ്‍ഗ്രസ് 31 സീറ്റില്‍നിന്ന് 37ലേക്കും എത്തി. അതായത് ഇരുപാര്‍ട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തില്‍ താരതമ്യേന ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടും ഇരു പാര്‍ട്ടികള്‍ക്കും മൊത്തത്തിലുള്ള സീറ്റ് നേട്ടം നാമമാത്രമാണ്.

ഹരിയാനയില്‍ വോട്ട് വിഹിതം കൂട്ടി കോണ്‍ഗ്രസ്, നേരിയ വര്‍ധനയുമായി ബിജെപി; 2019നെ അപേക്ഷിച്ച് വോട്ട് വിഹിതം മാറി മറിഞ്ഞത് എങ്ങനെ?
'ഹരിയാനയിലെ വോട്ടര്‍മാര്‍ നല്‍കിയത് താമരപ്പൂക്കാലം'; നന്ദി പറഞ്ഞ് മോദി

ഹരിയാനയിലെ 90 അംഗ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോടിയിലധികം യോഗ്യരായ വോട്ടര്‍മാരില്‍, 67.90 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതില്‍ 0.38 ശതമാനം പേര്‍ നോട്ടയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

2024-ലെ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ 2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വിവിധ പാര്‍ട്ടികള്‍ക്കിടയിലെ വോട്ട് വിഹിതതത്തില്‍ കാര്യമായ വ്യത്യാസങ്ങല്‍ കാണിക്കുന്നുണ്ട്. ആം ആദ്മി 1.79 ശതമാനം വോട്ട് വിഹിതം നേടി. ബിഎസ്പി 1.82 ശതമാനവും സിപിഐ 0.01ഉം സിപിഎം 0.25 ശതമാനം വോട്ട് വിഹിതമാണ് നേടിയത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്(ഐഎന്‍എല്‍ഡി) 4.14 ശതമാനം ലഭിച്ചു.

ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുളള ജനനായക് ജനതാപാര്‍ട്ടി(ജെജെപി) 0.90 ശതമാനം വോട്ടും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) 0.00 ശതമാനവും പീപ്പിള്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) 0.03 ശതമാനവും വോട്ട് വിഹിതമാണ് നേടിയത്. 0.38 ശതമാനം വോട്ടര്‍മാര്‍ നോട്ട തിരഞ്ഞെടുത്തതെങ്കിലും മറ്റ് സ്ഥാനാര്‍ഥികല്‍ മൊത്തത്തില്‍ 11.64 ശതമാനം വോട്ട് നേടി.

സീറ്റുകളുടെ കാര്യത്തില്‍ ഐഎന്‍എല്‍ഡി രണ്ട് സീറ്റുകള്‍ നേടി. കൂടാതെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

logo
The Fourth
www.thefourthnews.in