സമാന ചിന്താഗതിക്കാരായ 21 പാര്‍ട്ടികള്‍; ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ആംആദ്മിക്ക് ക്ഷണമില്ല
രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര സമാപന വേദിയായ കശ്മീരിലേക്ക് അടുക്കുമ്പോള്‍ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കിമാറ്റാന്‍ ശ്രമം. സമാപനസമ്മേളനത്തിലേക്ക് 21 പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുള്ളത്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ച് കൊണ്ട് വിവിധ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ കത്തയച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, സിപിഎം, സിപിഐ, ജെഡിയു, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം, എന്‍സിപി, ജെഎംഎം, ആര്‍ജെഡി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ടിഡിപി, ബിഎസ്പി , മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പിതുടങ്ങിയ പാര്‍ട്ടികളെയാണ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍, എഎപി ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ക്ക് സമാപന സമ്മേളനത്തിലേക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. ജെഡി (എസ്), ബിജെഡി, ബിആര്‍എസ്, അകാലിദള്‍ എന്നീ പാര്‍ട്ടികളാണ് ക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പാര്‍ട്ടികള്‍.
ഭാരത് ജോഡോ യാത്രയുടെ സമാപന വേദി രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സത്യം, അനുകമ്പ, അഹിംസ തുടങ്ങിയ സന്ദേശത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇടമാകുമെന്നാണ് ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തവര്‍ഷം ലോക്‌സഭാ തിരരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുള്ള വേദിയായും യാത്രയുടെ സമാപന സമ്മേളനം മാറുമെന്നാണ് വിലയിരുത്തല്‍.
ജനുവരി 30 ന് കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുക. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര 3750 കിലോമീറ്റര്‍ പിന്നിട്ടാണ് ശ്രീനഗറില്‍ അവസാനിക്കുന്നത്. നിലവില്‍ പഞ്ചാബിലൂടെയാണു യാത്ര പുരോഗമിക്കുന്നത്.