ഏകീകൃത സിവില്‍ കോഡ്: കരട് ബില്‍ വരും വരെ കാത്തിരിക്കാൻ കോണ്‍ഗ്രസ്; 
പൂർണമായും എതിര്‍ക്കുന്ന സമീപനം സ്വീകരിക്കില്ല

ഏകീകൃത സിവില്‍ കോഡ്: കരട് ബില്‍ വരും വരെ കാത്തിരിക്കാൻ കോണ്‍ഗ്രസ്; പൂർണമായും എതിര്‍ക്കുന്ന സമീപനം സ്വീകരിക്കില്ല

വ്യക്തി നിയമങ്ങളിൽ എല്ലാവര്‍ക്കും തുല്യത വരുത്തുന്ന പരിഷ്‌കാരങ്ങളെ എതിര്‍ക്കേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ
Updated on
2 min read

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് തത്കാലം നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. കരട് ബില്‍ വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലവിൽ പാർട്ടി തീരുമാനം. ഇതുവരെ കരട് ബില്‍ അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍ ചിത്രം വ്യക്തമല്ലെന്നതാണ് വിശദീകരണം. സോണിയാ ഗാന്ധിയുടെയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി യോഗത്തിലാണ് തീരുമാനം.

വ്യക്തിനിയമങ്ങളിൽ എല്ലാവര്‍ക്കും തുല്യത വരുത്തുന്ന പരിഷ്‌കാരങ്ങളെ പാര്‍ട്ടി എതിര്‍ക്കേണ്ടതില്ലെന്നാണ് യോഗം സ്വീകരിച്ച നിലപാട്. അതോടൊപ്പം തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ വൈവിധ്യത്തിന് മേലുള്ള ആക്രമണത്തിന് കാരണമാകുമെന്ന കാഴ്ചപ്പാടും നേതാക്കള്‍ പിന്തുടരുന്നു.

ഏകീകൃത സിവില്‍ കോഡ്: കരട് ബില്‍ വരും വരെ കാത്തിരിക്കാൻ കോണ്‍ഗ്രസ്; 
പൂർണമായും എതിര്‍ക്കുന്ന സമീപനം സ്വീകരിക്കില്ല
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ വീണ്ടും കളമൊരുങ്ങുന്നു; പൊതുജനാഭിപ്രായം തേടി നിയമകമ്മീഷന്‍

ഏകീകൃത സിവില്‍ കോഡ് ബില്ലില്‍ അഭിപ്രായം മാറ്റി സഖ്യകക്ഷികളെ കോണ്‍ഗ്രസ് പ്രതിരോധത്തിലാക്കില്ല. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതില്‍ പാർട്ടിയിൽ ഇതുവരെ വിഭാഗീയതയുമുണ്ടായിട്ടില്ല. പക്ഷേ നിയമത്തിനെപ്പറ്റിയുള്ള വിശദ വവിവരങ്ങള്‍ പുറത്തുവരണമെന്ന് നേതാക്കൾ പറയുന്നു. പുതിയ നിയമത്തിലൂടെ എന്തെല്ലാം മാറ്റിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മനസിലാക്കിയ ശേഷം നിലപാട് പ്രഖ്യാപിക്കാമെന്ന തീരുമാനത്തിൽ കോൺഗ്രസ് എത്തിയത് ഇങ്ങനെയാണ്.

യോഗത്തില്‍ ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയ ആയുധമാണെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും വാദിച്ചത്. ബിജെപിയുടെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന നിലപാടും നേതാക്കള്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നുള്ള നേതാക്കൾക്ക് മൃദുസമീപനമായിരുന്നു. പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, ശശി തരൂര്‍, പ്രമോദ് തിവാരി, രണ്‍ദീപ് സുര്‍ജേവാല, ശക്തിസിന്‍ഹ് ഗോഹില്‍, ദീപേന്ദര്‍ ഹൂഡ, സയ്യിദ് നസീര്‍ ഹുസൈന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിൽ പാര്‍ട്ടിയുടെ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനായിരുന്നു യോഗം.

വ്യക്തിനിയമങ്ങളിലെ ഗുണപരമായ മാറ്റങ്ങളെയൊന്നും എതിര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നില്ല. പക്ഷേ രാജ്യത്തെ വിവിധ മതങ്ങളിലെയും സംസ്‌കാരങ്ങളിലെയും വൈവിധ്യത്തെ കടന്നാക്രമിക്കുന്നതിന് എതിർക്കും

''മൊത്തത്തില്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട വിഷയമായതിനാലാണ് ഇത്തരത്തിലൊരു ജാഗ്രതാ നിലപാട് സ്വീകരിക്കുന്നത്. എല്ലാ മതങ്ങളിലെ വ്യക്തിനിയമങ്ങളിലും തുല്യതയുടെ പ്രശ്‌നങ്ങളുണ്ട്. വ്യക്തിനിയമങ്ങളിലെ ഗുണപരമായ മാറ്റങ്ങളെയൊന്നും എതിര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നില്ല. പക്ഷേ രാജ്യത്തെ വിവിധ മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും വൈവിധ്യത്തെ കടന്നാക്രമിക്കുന്നതിന് ഞങ്ങള്‍ എതിരാണ്. രാജ്യത്തെ മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല ഇത്. ഗോത്രവര്‍ഗ്ഗക്കാരുടെ ആചാരങ്ങള്‍ പാരമ്പര്യങ്ങള്‍, ഹിന്ദു വിവാഹങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, ജൈന മതത്തിലെ വിശ്വാസങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതോടെ വെല്ലുവിളികള്‍ നേരിട്ടേക്കാം'' - കോണ്‍ഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി വിഷയത്തിലുള്ള നിലപാട് ജൂണ്‍ 15 ന് തന്നെ അറിയിച്ചതാണെന്ന് മുതിർന്ന ജയറാം രമേശ്

ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവില്‍ കോഡിനെപ്പറ്റി ബിജെപി ചര്‍ച്ച ചെയ്യുന്നതെന്ന് മിക്ക നേതാക്കളും വാദിച്ചു. വിഷയത്തിൽ കോണ്‍ഗ്രസ് നിലപാട് ജൂണ്‍ 15 ന് തന്നെ നിയമ കമ്മീഷനെ അറിയിച്ചതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ''ഒരു കരട് ബില്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും നിർദേശങ്ങൾ പരിശോധിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ ഞങ്ങളുടെ പക്കലുള്ളത് നിയമ കമ്മീഷന്റെ ഒരു പൊതു അറിയിപ്പ് മാത്രമാണ്'' - കോൺഗ്രസ് നിലപാട് വിശദീകരിച്ചുകൊണ്ട് ജയറാം രമേശ് പറഞ്ഞു.

logo
The Fourth
www.thefourthnews.in