10 മാസത്തിനുശേഷം ജയിൽ മോചിതനായി സിദ്ദു; രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യ പ്രതികരണം

10 മാസത്തിനുശേഷം ജയിൽ മോചിതനായി സിദ്ദു; രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യ പ്രതികരണം

4 വർഷങ്ങൾക്ക് മുൻപുനടന്ന തർക്കത്തിനിടെ സിദ്ദു മർദ്ദിച്ച ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് കഴിഞ്ഞ പത്ത് മാസമായി സിദ്ദു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
Updated on
1 min read

പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പാർക്കിങിനെ ചൊല്ലി 34 വർഷങ്ങൾക്ക് മുൻപുനടന്ന തർക്കത്തിനിടെ സിദ്ദു മർദ്ദിച്ച ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ കഴിഞ്ഞ പത്ത് മാസമായി സിദ്ദു ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജയില്‍ മോചിതനായ ശേഷം സിദ്ദു നടത്തിയ ആദ്യ പ്രതികരണം. ഈ രാജ്യത്ത് ഒരു ഏകാധിപത്യം വന്നപ്പോഴെല്ലാം ഒരു വിപ്ലവവും വന്നിട്ടുണ്ട്, ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോള്‍ ജനാധിപത്യം എന്നൊന്നില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. പഞ്ചാബിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ദുര്‍ബലമാകും എന്ന മുന്നറിയിപ്പും നവജ്യോത് സിങ് സിദ്ദു നല്‍കി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് ആറ് മണിയോടെ ആയിരുന്നു നവജ്യോത് സിങ് സിദ്ദു ജയില്‍ വിട്ടിറങ്ങിയത്. ഈ സമയം നിരവധി അനുയായികള്‍ അദ്ദേഹത്തെ ജയിലിന് പുറത്ത് കാത്തു നിന്നിരുന്നു. വാദ്യ മേളങ്ങളോടെ ഗംഭീര സ്വീകരണമാണ് സിദ്ദുവിന് ലഭിച്ചത്. മാറിയ മനുഷ്യന്‍ എന്നായിരുന്നു അനുയായികളെ സിദ്ദുവിനെ വിശേഷിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1998 ഡിസംബർ 27നാണ് സിദ്ദുവിന്റെ ശിക്ഷയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഒരു പാർക്കിങ് സ്പോട്ടിനെ സംബന്ധിച്ച തർക്കത്തിനിടെ 65 കാരനായ ഗുർണം സിങ്ങിനെ സിദ്ദു മർദിച്ചിരുന്നു. സിദ്ദുവും അദ്ദേഹത്തിന്റെ സുഹൃത്തായ രുപീന്ദർ സിങ് സന്ധുവും ചേർന്ന് ഗുർണമിനെ കാറിൽ നിന്ന് വലിച്ചുപുറത്തിറക്കി തല്ലുകയായിരുന്നു. ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്നാണ് ഗുർണമിന്റെ കുടുംബം കോടതിയെ സമീപിക്കുന്നത്. 2018ൽ കോടതി, 1000 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട ശേഷം സിദ്ദുവിനെ വെറുതെവിട്ടിരുന്നു. പിന്നീട് കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് കഠിന തടവിന് സിദ്ദുവിനെ ശിക്ഷിക്കുന്നത്. ഗുർണം സിങ്ങിനെ തലയ്ക്കടിച്ചത് കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയും സിദ്ദുവിനെതിരെയുണ്ടായിരുന്നു. സ്വന്തം ഉത്തരവ് പരിശോധിച്ച കോടതി, സിദ്ദുവിനെ ജയിലിലടയ്ക്കുന്നതാണ് "ഉചിതമായ" നടപടിയെന്ന് വിധിക്കുകയായിരുന്നു.

നവജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തേക്കായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്. മേയ് മാസത്തിലാണ് തടവിന്റെ കാലാവധി അവസാനിക്കുന്നതെങ്കിലും ജയിലിലെ "നല്ല പെരുമാറ്റം" കാരണമാണ് സിദ്ദുവിനെ നേരത്തെ വിട്ടയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ ജനറൽ റിമിഷൻ പോളിസി പ്രകാരമാണ് കോൺഗ്രസ് നേതാവിന് നേരത്തെ മോചനം ലഭിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എച്ച്പിഎസ് വർമയും പറഞ്ഞു.

logo
The Fourth
www.thefourthnews.in