'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി തമാശ പറയുന്നു'; ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന പരാമർശം ആവർത്തിച്ച് രാഹുൽ ഗാന്ധി

'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി തമാശ പറയുന്നു'; ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന പരാമർശം ആവർത്തിച്ച് രാഹുൽ ഗാന്ധി

മണിപ്പൂര്‍ ഇപ്പോൾ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി ലോക്‌സഭയില്‍ രണ്ട് മണിക്കൂറുകളോളം സംസാരിച്ച പ്രധാനമന്ത്രി, രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചിരിച്ചും കളിച്ചും തരംതാണ രാഷ്ട്രീയക്കാരനെപ്പോലെയാണ് മോദി പാർലമെന്റിൽ പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.

'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി തമാശ പറയുന്നു'; ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന പരാമർശം ആവർത്തിച്ച് രാഹുൽ ഗാന്ധി
ഭാരത മാതാവ് ഇപ്പോള്‍ ഇന്ത്യയില്‍ അണ്‍പാര്‍ലമെന്ററി പദമാണ്: രാഹുല്‍ ഗാന്ധി

''മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ല. കലാപം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് രണ്ട് ദിവസം മതി. എന്നാല്‍ അത് ചെയ്യാൻ സൈന്യത്തിനോട് നിർദേശിക്കുന്നില്ല. മണിപ്പൂര്‍ കത്താന്‍ പ്രധാനമന്ത്രി അനുവദിച്ച് കൊടുക്കുകയാണ്. പാര്‍ലമെന്റിലെ ഇന്നലത്തെ വിഷയം താനോ കോണ്‍ഗ്രസോ ആയിരുന്നില്ല, മണിപ്പൂര്‍ മാത്രമായിരുന്നു. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ മോദി മടിക്കുകയാണ്. മണിപ്പൂർ ഇപ്പോൾ ഒന്നല്ല, രണ്ട് സംസ്ഥാനമായി വിഭജിക്കപ്പെട്ടു '' - രാഹുല്‍ ആരോപിച്ചു.

'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി തമാശ പറയുന്നു'; ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന പരാമർശം ആവർത്തിച്ച് രാഹുൽ ഗാന്ധി
വടക്ക്കിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്‌: നരേന്ദ്രമോദി

മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ചുള്ളത് തെറ്റായധാരണയാണെന്നും ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴാന്‍ പാടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തതിന് കാരണം എന്താണെന്ന് അറിയാം, എന്നാൽ അതുപറയാൻ താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ തന്റെ പ്രസംഗത്തിലെ ചില വാക്കുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് സംസാരിച്ച രാഹുലിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഭരണപക്ഷം രാജ്യത്തിന് തീയിടുന്നു, കൊല, കൊലപാതകി തുടങ്ങിയ വാക്കുകളാണ് നീക്കം ചെയ്തത്. പ്രധാനമന്ത്രിയും അമിത് ഷായും മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന് താന്‍ പറഞ്ഞത് വെറുതെയല്ലെന്നും രാഹുൽ പറഞ്ഞു.

''19 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ഞാന്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ കണ്ടതും കേട്ടതും ഇതിന് മുന്‍പ് എവിടെയും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. മെയ്തി, കുകി വിഭാഗത്തെ കാണാന്‍ പോയപ്പോള്‍ ഇരുകൂട്ടരും മറ്റേ വിഭാഗത്തെ കൂടെ കൊണ്ടു വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു'' - സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടുവെന്നതിന്റെ തെളിവായി രാഹുൽ ചൂണ്ടിക്കാട്ടി.

മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രിയെ അവിശ്വാസ പ്രമേയത്തിലൂടെയാണ് പ്രതിപക്ഷം സഭയിലെത്തിച്ചത്. മണിപ്പൂരില്‍ കലാപമുണ്ടായത് ഹൈക്കോടതി വിധിക്ക് പിന്നാലെയാണെന്ന് പറഞ്ഞ മോദി, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in