'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രളയ രഹിത അസം' എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് കെടുകാര്യസ്ഥത
Updated on
1 min read

അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ലമെന്റില്‍ അസം ജനതയുടെ സൈനികനായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. '' ഞാന്‍ അസമിലെ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു. പാര്‍ലമെന്റില്‍ ഞാന്‍ അവരുടെ പടയാളിയായിരിക്കും. സംസ്ഥനത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്'', ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ചുരുക്ക സമയത്തിനുള്ളില്‍ അസമിന് സമഗ്രവും അനുകമ്പനയാര്‍ന്നതുമായ ഒരു പരിഗണന ആവശ്യമാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ സാധിക്കുന്ന ഒരു വടക്കു-കിഴക്കന്‍ ജല മാനേജ്‌മെന്റ് അതോറിറ്റി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 8 വയസ്സുള്ള അവിനാശിനെപ്പോലുള്ള നിഷ്‌കളങ്കരായ കുട്ടികളെ നമ്മളില്‍ നിന്ന് കൊണ്ടുപോകുന്നതുപോലെ, അസമില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ തീവ്രമായ നാശം ഹൃദയഭേദകമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ പുനഃപരീക്ഷ; കേന്ദ്രത്തിന് ഒരു ദിവസത്തെ സമയം, എല്ലാം അറിയണമെന്ന് സുപ്രീംകോടതി

ഗുവാഹത്തിയില്‍ മൂടാതിരുന്ന ഓടയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണാണ് അവിനാശ് മരിച്ചത്. കുട്ടിയുടെ അച്ഛനെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും അവിനാശ് ഒലിച്ചുപോവുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഇത് അസമില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 24 ലക്ഷം പേരാണ് അസം പ്രളയത്തില്‍ ദുരിതത്തിലായത്. അറുപതു പേര്‍ മരിച്ചു. 'പ്രളയ രഹിത അസം' എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് അസമിലെ കച്ചാര്‍ ജില്ലയിലെ അഭയാര്‍ഥി ക്യാമ്പിലെത്തിയ ജനങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. അസമിലെ വെള്ളപ്പൊക്ക കെടുതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപിക്കുന്നുണ്ട്. ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ആവശ്യമായ ഒരു നടപടിയും അസം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. അസമിന് പ്രത്യേക പാക്കേജ് വേണമെന്ന് പിസിസി നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് പിസിസി നേതൃത്വം രാഹുല്‍ ഗാന്ധിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടെ 10,785 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, 250 കോടി രൂപയാണ് ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷം, ആദ്യമായാണ് രാഹുല്‍ ഗാന്ധി അസമില്‍ എത്തുന്നത്.

logo
The Fourth
www.thefourthnews.in