ഖാര്‍ഗെയ്ക്ക് അഭിനന്ദന പ്രവാഹം; വസതിയിലെത്തി കണ്ട് സോണിയയും പ്രിയങ്കയും
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ആശംസകളുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഖാര്‍ഗെയുടെ ദില്ലിയിലെ വസതിയിലെത്തിയ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഖാര്‍ഗെയ്ക്ക് ആശംസകള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കളും ഖാര്‍ഗെയ്ക്ക് ആശംസകളറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖാർഗെയ്ക്ക് ആശംസകളറിയിച്ചു.
' കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനങ്ങള്‍'. സോണിയ ഗാന്ധി ട്വീറ്റ് ചെയ്തു. പുതിയ ഉത്തരവാദിത്വത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഖാര്‍ഗെയുടെ പരിചയ സമ്പത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂരും ഖാര്‍ഗെയെ വസതിയിലെത്തി അഭിനന്ദനം അറിയിച്ചു.
ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഖാര്‍ഗെയെ അഭിനന്ദിച്ച് രംഗത്തെത്തി.