ഒരിക്കലും ജയിക്കാത്ത ദെഹ്‌രയില്‍ ഭാര്യയെ നിര്‍ത്തി ജയിപ്പിച്ച് മുഖ്യമന്ത്രി; ഹിമാചലില്‍ 'പകവീട്ടി' കോണ്‍ഗ്രസ്
ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മികച്ച മുന്നേറ്റം സാധ്യമാക്കിയപ്പോള്‍, ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടി മധുരം. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പരിസമാപ്തിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച് വോട്ട് ചെയ്ത മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഒഴിവിലാണ് ഹിമാചലില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ജയിച്ചു. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറിനെ കളത്തിലിറക്കി നടത്തിയ പരീക്ഷണം കോണ്‍ഗ്രസിനെ കൈവിട്ടില്ല. ദെഹ്‌ര മണ്ഡലത്തില്‍ കമലേഷ് ജയിച്ചു കയറിയത് 9,399 വോട്ടിന്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അടിപതറിയെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടിയിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന് വോട്ട് ചെയ്ത ആറു എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചതോടെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ അടിക്ക് കണക്കു തീര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
കമലേഷ് താക്കൂര്‍ കൂടി ജയിച്ചെത്തുന്നതോടെ, ഭര്‍ത്താവും ഭാര്യയും നിയമസഭയിലിരിക്കുന്ന സംസ്ഥാനമായി ഹിമാചല്‍ മാറും. കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും ആദ്യമായാണ് കമലേഷ് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്.
മുഖ്യമന്ത്രി സുഖു തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹോഷ്യാര്‍ സിങ് ചംബ്യാല്‍ ആണ് വിജയിച്ചത്. ഹോഷ്യാറിനെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ദെഹ്‌ര മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരുതവണ പോലും കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലമാണിത്.
2012-ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ രൂപപ്പെട്ട ദെഹ്‌ര നിയമസഭ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യമായാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. ഹമിപുര്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറാണ് ഇവിടെ ബിജെപിക്കുവേണ്ടി പ്രചാരണത്തിനു നേതൃത്വം നല്‍കിയത്.
ദെഹ്‌രയില്‍ ജനിച്ചു വളര്‍ന്ന നേതാവെന്ന പ്രചാരണവും കമലേഷിന് നേട്ടമുണ്ടാക്കി. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ രണ്ട് പതിറ്റാണ്ടായി കമലേഷ് താക്കൂര്‍ അംഗമാണ്. 1998-ലാണ് സുഖുവുമായുള്ള വിവാഹം നടന്നത്.
'ദെഹ്‌രക്കാരിയായ സഹോദരിയെ ജയിപ്പിക്കണം' എന്നായിരുന്നു കമലേഷിന്റെ പ്രധാന പ്രചാരണം. താന്‍ ബിജെപിക്കാരുടേയോ കോണ്‍ഗ്രസുകാരുടേയോ വോട്ടല്ല ചോദിക്കുന്നത്, സ്വന്തം സഹോദരി - സഹോദരന്‍മാരുടേതാണെന്നായിരുന്നു കമലേഷ് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചത്. കമലേഷിന്റെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു. 2022-ല്‍ ഇവിടെ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച രാജേഷ് ശര്‍മ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 32,737 വോട്ടാണ് കമലേഷിന് ലഭിച്ചത്. ഹോഷ്യാറിന് ലഭിച്ചത് 23,338 വോട്ടാണ്.
നാലാഘര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദീപ് സിങ് ബാവ ബിജെപിയുടെ കെ എല്‍ താക്കൂറിനെ 8,990 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഹമിര്‍പുര്‍ മണ്ഡലമാണ് ബിജെപിക്ക് ആശ്വാസം നല്‍കിയത്. എന്നാല്‍, നേരിയ ഭൂരിപക്ഷത്തിലാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി ആശിഷ് ശര്‍മ ജയിച്ചത്. 1,571 വോട്ടിനാണ് ശര്‍മയുടെ ജയം. ആശിഷ് ശര്‍മ 27,041 വോട്ട് നേടിയപ്പോള്‍, കോണ്‍ഗ്രസ് പുഷ്പിന്ദര്‍ വെര്‍മ 25,470 വോട്ട് നേടി.