ദളിത് വോട്ടുകള്‍ തിരിച്ചുവരുന്നു; യുപിയില്‍ നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ 'മാസ്റ്റര്‍ പ്ലാന്‍'
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചുവരവ് നടത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയെ ഞെട്ടിച്ച് എസ്പി വലിയ മുന്നേറ്റമുണ്ടാക്കിയ തിരഞ്ഞെടുപ്പില്‍, നേടിയ നേട്ടം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വരാന്‍ പോകുന്ന നിയമസഭ ഉപതിരഞ്ഞടുപ്പുകളും 2027- നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു. അഖിലേഷ് യാദവിന് പിന്നില്‍ അണിനിരന്ന് മുന്നണി സംവിധാനത്തിന്റെ ഗുണം നേടുന്നതിനൊപ്പം, സ്വന്തം നിലയ്ക്കും അടിത്തറ കെട്ടിപ്പൊക്കാന്‍ യുപിയില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി പാര്‍ട്ടി ലക്ഷ്യമിടുന്നത് ദളിത് ജനവിഭാഗത്തെയാണ്.
മുന്‍കാലങ്ങളില്‍ നഷ്ടപ്പെട്ടുപോയ ദളിത് വോട്ടുകള്‍ തിരികെക്കൊണ്ടുവരാനുള്ള ശ്രമം, ഈ തിരഞ്ഞെടുപ്പില്‍ ഫലം കണ്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവിന്റെ പിഡിഎ മുദ്രാവാക്യം (പിന്നോക്ക, ദളിത്, ന്യൂനപക്ഷ ഐക്യം) തങ്ങള്‍ക്കും ഗുണകരമായെന്ന് പാര്‍ട്ടി കരുതുന്നു. ബിഎസ്പിയുടെ തകര്‍ച്ചയും ബിജെപിയോട് ദളിത് വിഭാഗത്തിനുള്ള അമര്‍ഷവും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ദളിത് ജനതയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വിവിധ പദ്ധതികളാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്.
ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള പ്രത്യേക മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കാന്‍ ദളിത് നേതാക്കളെ കണ്ടെത്തല്‍, ജില്ലാ തലങ്ങളില്‍ ദളിത് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കല്‍ തുടങ്ങി നിരവധി പദ്ധതികളാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ദളിത് സമുദായ നേതാക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചതിന് ശേഷം പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പരിപാടികളും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്.
കിഴക്കന്‍ യുപിയിലെ ഗൊരഖ്പുരില്‍ ആദ്യ സമ്മേളനം നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ തട്ടകാണ് ഗൊരഖ്പുര്‍. ഇവിടെ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപി പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലം വാരാണസിയിലും സമ്മേളനം നടത്തും. മീററ്റ്, ലഖ്‌നൗ എന്നിവിടങ്ങളിലാണ് മറ്റു സമ്മേളനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നത്.
ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ക്യാമ്പയിന്‍ രീതികള്‍ക്ക് രൂപം നല്‍കുന്നത് എന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭരണഘടന ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം, ദളിത് വിഭാഗങ്ങളില്‍ പാര്‍ട്ടിയോട് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്. ഓരോ നിയമസഭ മണ്ഡലത്തിലും ആയിരം ദളിത് നേതാക്കളെയെങ്കിലും പാര്‍ട്ടിക്കൊപ്പം അണിനിരത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ നിന്ന് ജയിച്ചെത്തിയ അവദേശ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കവും ദളിത് വിഭാഗങ്ങളെ കൂടെനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വിലയിരുത്തുന്നുണ്ട്.
ഇന്ത്യ സഖ്യം ഉയര്‍ത്തിയ ഭരണഘടനാ സംരക്ഷണ മുദ്രാവാക്യത്തെ തുടര്‍ന്ന് ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്കായ യാദവ ദളിത് വോട്ടുകളില്‍ ആറ് ശതമാനം ഇന്ത്യ സഖ്യത്തിലേക്ക് പോയതായാണ് ബിജെപി അനുമാനം. തങ്ങള്‍ക്കൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ദളിത് വോട്ടുകളും എസ്പിയിലേക്കും കോണ്‍ഗ്രസിലേക്കും മാറിയതായും ബിജെപി വിലയിരുത്തുന്നു. നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
യുപിയില ദളിത് വിഭാഗങ്ങളള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നത് ബിഎസ്പിയെ ആയിരുന്നു. എന്നാല്‍, സമീപകാല കാല തിരഞ്ഞെടുപ്പുകളില്‍ മായാവതിയുട പാര്‍ട്ടി ദുര്‍ബലമായതോടെ, ഇതില്‍ വലിയൊരു വിഭാഗം ബിജെപിയിലേക്ക് മാറി. എന്നാല്‍, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ബിജെപിയോട് എതിര്‍പ്പുണ്ടായിരുന്ന ദളിത് വോട്ടര്‍മാര്‍ ഇത്തണ കോണ്‍ഗ്രസിനും എസ്പിക്കും ഒപ്പം നിന്നു. ബിഎസ്പി സമ്പൂര്‍ണായി ചിത്രത്തില്‍ നിന്ന് ഇല്ലാതാകുന്നതോടെ, ഈ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എസ്പിക്ക് 37-ഉം കോണ്‍ഗ്രസിന് ആറും സീറ്റാണ് ലഭിച്ചത്. ബിജെപി 33 സീറ്റിലേക്ക് കൂപ്പുകുത്തി.