കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഛത്തീസ്ഗഢില്‍
85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് മൂന്ന് ദിവസം നീളുന്ന സമ്മേളനം നടക്കുക. കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷമാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണ്. പ്ലീനറി സമ്മേളനത്തെക്കുറിച്ചും ഭാരത് ജോഡോ യാത്രയെക്കുറിച്ചുമാണ് ഇന്ന് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ വിജയം കണ്ടെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തല്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ വിജയം കണ്ടെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തി. ലക്ഷക്കണക്കിന് ആള്‍ക്കാരുടെ പങ്കാളിത്തം കൊണ്ട് യാത്ര ശ്രദ്ധേയമായി. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരെ നിരന്തരം കേള്‍ക്കാനും സംസാരിക്കാനും യാത്രയ്ക്ക് സാധിച്ചുവെന്നുമാണ് നിഗമനം.
ജനുവരി 26 മുതല്‍ ' ഹാത്ത് സേ ഹാത്ത് ജോഡോ ' പദയാത്ര
അതേസമയം ജനുവരി 26 മുതല്‍ 'ഹാത്ത് സേ ഹാത്ത് ജോഡോ ' പദയാത്ര സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. തുടർന്ന് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടത്താനും തീരുമാനമായി. 2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുമെന്നും സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ആനന്ദ് ശര്‍മ, മീരാ കുമാര്‍, അംബികാ സോണി എന്നിവരും എഐസിസി ആസ്ഥാനത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.