മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍
മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ, തര്‍ക്കമൊടുങ്ങാതെ വോട്ടര്‍പട്ടിക

തലമുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, പുതു തലമുറ നേതാവെന്ന് വിശേഷണമുള്ള ശശി തരൂരും തമ്മിലുള്ള പോരാട്ടത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്
Updated on
2 min read

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പ്രചാരണങ്ങളുടെ അവസാന ലാപ്പില്‍ സ്ഥാനാര്‍ത്ഥികള്‍. മത്സര രംഗത്തുള്ള തലമുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, പുതു തലമുറ നേതാവെന്ന് വിശേഷണമുള്ള ശശി തരൂരും തമ്മിലുള്ള പോരാട്ടത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളതെങ്കിലും പ്രചരണം കൊഴുപ്പിക്കുകയാണ് ഇരു നേതാക്കളും. പ്രചരണത്തിന്റെ അവസാനദിനത്തില്‍ കര്‍ണാടകയിലാണ് മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെയുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കിയ ശശി തരൂര്‍ അവസാന ദിനം സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള യുപിയിലാണുള്ളത്.

വോട്ടർമാരുടെ വിവരങ്ങൾ പോലും കൃത്യമായി ഇല്ലാത്ത തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് കോണ്‍ഗ്രസ് നടത്തുന്നത്

അമിത് മാളവ്യ

വോട്ടെടുപ്പ് തിങ്കളാഴ്ച 10 മുതല്‍ 4 വരെ

അവസാനലാപ്പിലും വോട്ടർ പട്ടികയാണ് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്നത്. വോട്ടർമാരുടെ വിവരങ്ങൾ പോലും കൃത്യമായി ഇല്ലാത്ത തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. സമാനമായ ആരോപണം തരൂർ പക്ഷത്തിനുമുണ്ട്. എന്നാല്‍ വോട്ടര്‍പട്ടിക കൃത്യമല്ലെന്ന തരൂര്‍ പക്ഷത്തിന്റെ വാദം തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തള്ളിയിരുന്നു. പിഴവുകള്‍ പരിഹരിച്ചു കൊണ്ടുള്ള പത്രികയാണ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തുമാണ് പോളിങ് ബൂത്തുകള്‍

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 4 വരെയാണു വോട്ടെടുപ്പ്. 22 വര്‍ഷത്തിന് ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ആകെ 9308 വോട്ടര്‍മാരാണുള്ളത്. സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തുമാണ് പോളിങ് ബൂത്തുകള്‍ ക്രമികരിച്ചിരിക്കുന്നത്.

വോട്ടര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവരെ മാത്രമായിരിക്കും വോട്ടു ചെയ്യാന്‍ അനുവദിക്കുക. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും ബാലറ്റ് പെട്ടി സീല്‍ ചെയ്യുക. ഈ സീലിന് മുകളില്‍ പതിപ്പിക്കുന്ന സ്റ്റിക്കറില്‍ സ്ഥാനാര്‍ത്ഥികളുടെഏജന്റുമാരും റിട്ടേണിങ് ഓഫിസറും ഒപ്പിടണം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാലറ്റ് ബോക്സ് വിമാനമാര്‍ഗം റിട്ടേണിങ് ഓഫിസര്‍മാര്‍ എഐസിസി ആസ്ഥാനത്ത് എത്തിക്കും. ബാലറ്റ് പെട്ടി തുറന്ന് ഒക്ടോബര്‍ 19ന് രാവിലെ 10 മണിക്ക് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് വൈകുന്നോരം ഫലം വരുന്ന തരത്തിലാണ് ക്രമികരണങ്ങള്‍.

ഭാരത് ജോഡോ യാത്രികർ വോട്ട് രേഖപ്പെടുത്തുക ബെള്ളാരിയില്‍

ഭാരത് ജോഡോ പദയാത്രയില്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുള്ളവര്‍ കര്‍ണാടകയിലെ ബെള്ളാരിയില്‍ ഒരിക്കിയിരിക്കുന്ന പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. രാഹുല്‍ ഉള്‍പ്പെടെ 46 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തുക.

രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് ; എത്തിനോട്ടം

രണ്ടായിരത്തിലാണ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 98 ശതമാനത്തില്‍ അധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് സോണിയ ഗാന്ധിയാണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജിതേന്ദ്രയ്ക്ക് ലഭിച്ചത് 94 വോട്ടുകളായിരുന്നു. പിന്നിട് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കുള്ളില്‍ ആ പേര് കേട്ടിട്ടില്ല.

എന്നാല്‍ തരൂരിന്റെ കാര്യത്തില്‍ ജിതേന്ദ്രയ്ക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുമ്പോള്‍ അങ്ങിനെ സംഭവിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. അതിന് കാരണമായി അവര്‍ ചൂണ്ടി കാണിക്കുന്നത് ഇവയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിയത് ഒപ്പം തരൂരിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഒപ്പം ആഗോള തലത്തിലുമുള്ള സ്വീകാര്യതയെയും തള്ളികളഞ്ഞ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാർട്ടിക്ക് മുന്നോട്ട് പോകുക എന്നത് അസാധ്യമാണ്.

logo
The Fourth
www.thefourthnews.in