കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് ആരൊക്കെയെന്ന് ഇന്നറിയാം

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് ആരൊക്കെയെന്ന് ഇന്നറിയാം

ഹൈക്കമാന്‍ഡ് സ്ഥാനാർത്ഥിയായി ദിഗ് വിജയ് സിങ്ങിന് പുറമെ മുകുള്‍ വാസ്നികിന്റെയും മല്ലികാർജുന്‍ ഖാർഗെയുടെയും പേരുകളാണ് ഉയരുന്നത്
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമർനിർദേശ പത്രിക നല്‍കാനുള്ള സമയം ഇന്നവസാനിക്കെ, മത്സരരംഗത്തേക്ക് കൂടുതല്‍ പേർ. ഹൈക്കമാന്‍ഡ് സ്ഥാനാർത്ഥിയായി ദിഗ് വിജയ് സിങ്ങിന് പുറമെ മുകുള്‍ വാസ്നികിന്റെയും മല്ലികാർജുന്‍ ഖാർഗെയുടെയും പേരുകളാണ് ഉയരുന്നത്. ഹൈക്കമാന്‍ഡ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇതിലാർക്ക് നറുക്ക് വീഴുമെന്നാണറിയേണ്ടത്. ദിഗ് വിജയ് സിങ്ങും മുകുള്‍ വാസ്നികും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും. അതേസമയം, സൗഹൃദമത്സരമാണെന്ന് തരൂരും ദിഗ് വിജയ് സിങ്ങും പ്രതികരിച്ചു.

ഗാർഖെയോട് ഹൈക്കമാന്‍ഡ് സംസാരിച്ചെന്നും ഇന്ന് പത്രിക നല്‍കിയേക്കുമെന്നും വിവരങ്ങളുണ്ട്. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടായതിനാല്‍ മത്സരം നടക്കുമോയെന്ന് അന്ന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.

ജി-23 നേതാക്കളുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുണ്ട്. മനീഷ് തിവാരി മത്സരചിത്രത്തിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജി-23 വിള്ളലുകള്‍ വീണതോടെ ശശി തരൂരിന് പുറമെ ഒരാള്‍ കൂടി മത്സരിക്കാനുള്ള സാധ്യത രാഷ്ട്രീയകേന്ദങ്ങള്‍ കണക്കുകൂട്ടിയിരുന്നു.

തരൂരിനെതിരെ വാസ്നിക് ശക്തനായ സ്ഥാനാർത്ഥിയായിരിക്കുമോയെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഖാർഗെയിലേക്ക് ചർച്ചകളെത്തിയത്

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും എഐസിസി അധ്യക്ഷ പദവിയും ഒരുമിച്ചെന്ന നിലപാടെടുത്ത അശോക് ഗെഹ്ലോട്ടിന് പാർട്ടിയുടെ ഒരാള്‍ ഒരു പദവി നയം തിരിച്ചടിയായതോടെയാണ് ദിഗ് വിജയ് സിങിനെ ഹൈക്കമാന്‍ഡ് കളത്തിലിറക്കുമെന്ന വാർത്തകള്‍ വന്നത്. എന്നാല്‍, ദിഗ് വിജയ് സിങ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയില്‍ പ്രധാനിയല്ലാത്തതിനാല്‍ മറ്റൊരു സ്ഥാനാർത്ഥി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മുകുള്‍ വാസ്നിക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്ന വിവരം കോൺഗ്രസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, തരൂരിനെതിരെ വാസ്നിക് ശക്തനായ സ്ഥാനാർത്ഥിയായിരിക്കുമോയെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മല്ലികാർജുന്‍ ഖാർഗെയിലേക്ക് ചർച്ചകളെത്തിയത്.

കഴിഞ്ഞ ദിവസം വാങ്ങിയ പത്രിക മറ്റൊരാള്‍ക്കു വേണ്ടിയാണെന്ന് പാര്‍ട്ടി ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സല്‍ വ്യക്തമാക്കിയിരുന്നു. ആ പത്രികയിലാണു നേതൃത്വം രഹസ്യമൊളിപ്പിച്ചിരിക്കുന്നത്. ഹൈക്കാമാന്‍ഡിന്റെ ആ വിശ്വസ്തന്‍ ആരാണെന്നതുള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികളെയും ഇന്ന് അറിയാം.

logo
The Fourth
www.thefourthnews.in