മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്; സന്ദര്‍ശനാനുമതി തേടി സര്‍വകക്ഷിസഖ്യം
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു ആർഎസ്എസ്. കഴിഞ്ഞ 45 ദിവസമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണണമെന്നും പരസ്പര വിശ്വാസത്തിന്റെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഈ അവസ്ഥ മറികടക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍.എസ്.എസ് അഭ്യര്‍ഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരു സമുദായങ്ങളുടെയും സമഗ്രമായ പരിശ്രമം ആവശ്യമാണ്, മെയ്തികൾക്കിടയിലെ അരക്ഷിതാവസ്ഥയെയും നിസ്സഹായതയെയും കുക്കി സമൂഹത്തിന്റെ ആശങ്കകളെയും ഒരേസമയം അഭിസംബോധന ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാനാകുമെന്നും ആർഎസ്എസ് വ്യക്തമാക്കുന്നു.
മണിപ്പൂരിലെ അക്രമം ഉടനടി അവസാനിപ്പിക്കാനും സമാധാനവും സൗഹാർദവും നിലനിർത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഒപ്പം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരിനോടും പോലീസ്, സൈനിക, കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവരോടും അഭ്യർത്ഥിക്കുന്നതായും ആർഎസ്എസ് പ്രസ്താവനയിൽ പറയുന്നു.
അതേസമയം അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ കണക്കാക്കുന്നില്ലെന്നാണ് ഖാർഗെ ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ അധ്യക്ഷനാകാതെ പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണെന്നും ഇതുവരെ സര്‍വ്വകക്ഷി സംഘവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയാറാകാത്തതെന്തെന്നും ഖാര്‍ഗെ ആരാഞ്ഞു. മണിപ്പുര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് മണിപ്പൂര്‍ സാക്ഷ്യം വഹിച്ചത്. മെയ്തികളും മറ്റ് സമുദായങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് 40 ദിവസത്തിലേറെയായി സംസ്ഥാനം വംശീയകലാപത്തില്‍ നട്ടം തിരിയുകയാണ്. മെയ് 3 ന് നടന്ന റാലിയെത്തുടര്‍ന്ന് വലിയ തോതിലുള്ള അക്രമം ഉണ്ടായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പല ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. അക്രമം തടയാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വീടിന് ആള്‍ക്കൂട്ടം തീയിട്ടതോടെ സമാധാനാന്തരീക്ഷം തകര്‍ന്നു. വെടിവയ്പ്പ്, സുരക്ഷാ സേനയുമായുള്ള ജനക്കൂട്ടത്തിന്റെ ഏറ്റുമുട്ടല്‍, ബിജെപി നേതാക്കളുടെ വീടുകള്‍ കത്തിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബിജെപി സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി നേതാക്കളുടെ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐടിഎല്‍എഫ്) ട്വിറ്റര്‍ ഹാന്‍ഡില്‍ മരവിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ സെന്‍സര്‍ഷിപ്പിന് വിധേയമായെന്നും ട്വിറ്റര്‍ അക്കൗണ്ട് എടുത്തുകളയുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുകി ഗോത്രവര്‍ഗക്കാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള മറ്റൊരു ശ്രമമാണെന്നുമാണ് ഇതിനോട് ഗോത്രവര്‍ഗ സംഘം പ്രതികരിച്ചത്.
മണിപ്പൂരില്‍ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുകി സമുദായക്കാര്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ സംസ്ഥാന പോലീസ് സേനയ്ക്ക് പുറമെ ക്രമസമാധാന ചുമതലകള്‍ക്കായി 30,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.