ഖാര്‍ഗെയോ തരൂരോ? ഫലപ്രഖ്യാപനം ഉച്ചകഴിഞ്ഞ്

ഖാര്‍ഗെയോ തരൂരോ? ഫലപ്രഖ്യാപനം ഉച്ചകഴിഞ്ഞ്

എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തിന് ബാലറ്റ് പെട്ടികള്‍ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള 68 ബാലറ്റ് പെട്ടികള്‍ കഴിഞ്ഞദിവസം തന്നെ സ്‌ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. രാവിലെ സ്‌ട്രോംഗ് റൂം തുറന്ന് ബാലറ്റ് പെട്ടികള്‍ പുറത്തെടുത്തശേഷം കൂട്ടിക്കലര്‍ത്തിയ ബാലറ്റ് പേപ്പറുകള്‍ നൂറ് വീതമുള്ള കെട്ടാക്കിയശേഷമാണ് എണ്ണുന്നത്. ഉച്ചയോടെ ഫലമറിയാനും ഉച്ചകഴിഞ്ഞ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍.

കാര്യമായ അട്ടിമറിയൊന്നും സംഭവിക്കാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജി 23 നേതാക്കളുടെ പിന്തുണ ഖാര്‍ഗെക്കായിരുന്നു. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഖാര്‍ഗെയ്ക്കായി വോട്ട് തേടിയിരുന്നു. എന്നാല്‍ തരൂരും പ്രതീക്ഷ കൈവിടുന്നില്ല.1000 മുതല്‍ 1500 വരെ വോട്ടുകളാണ് തരൂർ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. പരാജയപ്പെട്ടാല്‍ പോലും ലഭിക്കുന്ന ഒരോ വോട്ടും തരൂർ പക്ഷത്തെ സംബന്ധിച്ച് നിർണായകമാണ്.

അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ 96 ശതമാനമായിരുന്നു പോളിങ്. 9915 വോട്ടര്‍മാരില്‍ 9497 പേരും വോട്ട് രേഖപ്പെടുത്തി. കേരളത്തില്‍ 94 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.

അധ്യക്ഷ പദവി നെഹ്റു കുടുംബത്തിന്‍റെ പുറത്തേയ്ക്ക് പോകുമ്പോള്‍ പുതിയ അധ്യക്ഷന് സ്വതന്ത്രമായി പ്രവർത്തിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാനം ചോദ്യം. പാര്‍ലമെന്ററി ബോര്‍ഡിലും പ്രവര്‍ത്തക സമിതിയിലും നെഹ്റു കുടംബമുണ്ടായിരിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിച്ചിട്ടുള്ളത്. സംഘടനാ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും അത് നിര്‍ണായകമാണെന്ന് കൂടിയാണ് നേതാക്കള്‍ ഓര്‍മിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in