വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ; പുതിയ കോൺഗ്രസ് അധ്യക്ഷനെ 19ന് അറിയാം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളവരുടെ അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെയെയും ശശി തരൂരിനെയും സ്ഥാനാർഥികളായി തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം 17ന് രാവിലെ 10മണി മുതലാണ് വോട്ടെടുപ്പ്. രഹസ്യ ബാലറ്റ് വഴിയാകും തിരഞ്ഞെടുപ്പെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 19നാണ് വോട്ടെണ്ണൽ. ഇരു സ്ഥാനാർത്ഥികൾക്കും ഇന്ന് മുതൽ ഔദ്യോഗിക പ്രചാരണം ആരംഭിക്കാം.
രാജ്യത്താകെ 69 ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ബാലറ്റ് വഴി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുമെന്നും മിസ്ത്രി പറഞ്ഞു. രാഹുൽഗാന്ധിയും മറ്റ് 40 നേതാക്കളും കർണാടകയിലെ ബെല്ലാരി ജില്ലയിലെ ക്യാമ്പ് സൈറ്റിൽ വോട്ട് ചെയ്യും. 9000-ലധികം പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടുള്ളത്.
അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന ആക്ഷേപവുമായി ശശി തരൂർ രംഗത്തെത്തി. നിര്‍ദേശങ്ങള്‍ മറികടന്ന് കേരളത്തിലെ ഉള്‍പ്പെടെ നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നതിനെതിരെ പരാതി നല്‍കുമെന്ന് തരൂര്‍ വ്യക്തമാക്കി. ഖാർഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നതില്‍ എഐസിസി നേതാക്കൾക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുമെന്ന ഊഹാപോഹങ്ങൾ തള്ളിയ തരൂർ രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
പിസിസി ഓഫീസുകളില്‍ എത്തി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ് തരൂരും ഖാര്‍ഗെയും. തിരഞ്ഞെടുപ്പിന് തന്റെ പ്രായം ഒരു തടസമല്ലെന്നും യുവാക്കൾക്ക് 50% പാർട്ടി പദവികൾ നൽകാനുള്ള പാർട്ടിയുടെ തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.