കോണ്‍ഗ്രസിനെ ആര് നയിക്കണം? തരൂരോ ഖാര്‍ഗെയോ; ഇന്ന് വിധിയെഴുത്ത്
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിങ്. 9308 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളാണ് വോട്ട് ചെയ്യുക. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും പിസിസി ആസ്ഥാനങ്ങളിലായി അറുപത്തിയെട്ട് പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താം.
22 കൊല്ലത്തിനിടെ ആദ്യമായാണ് ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത്. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മത്സരരംഗത്തുള്ളതത്. ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണ് ഖാര്‍ഗെ മത്സരിക്കുന്നത്. അതേസമയം, പാര്‍ട്ടിയിലെ തലമുറമാറ്റത്തെ പ്രതിനിധീകരിച്ച് ഒറ്റയാള്‍ പോരാട്ടമാണ് തരൂരിന്റേത്. തരൂരിനെ അനുകൂലിച്ച് യുവനിര രംഗത്തുണ്ടെങ്കിലും പല പിസിസികളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. 137 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ ആറാം തവണയാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും. അതേസമയം, ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും രാഹുല്‍ വോട്ട് ചെയ്യുക. പോളിങ് കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18ന് ഡല്‍ഹിയിലെത്തിക്കും. 19നാണ് വോട്ടെണ്ണല്‍.