അധികാരത്തിലേറിയാല്‍ കര്‍ണാടകയില്‍ മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്; ഭരണഘടനാ സാധുതയില്ലെന്ന് അമിത് ഷാ
ബൊമ്മെ സര്‍ക്കാര്‍ പിന്‍വലിച്ച മുസ്ലീം വിഭാഗത്തിനുള്ള മത ന്യൂനപക്ഷ സംവരണം ഭരണത്തിലേറിയാല്‍ പുനഃസ്ഥാപിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായാണ് ബൊമ്മെ മന്ത്രിസഭാ മുസ്ലീം സംവരണം എടുത്തുകളഞ്ഞത്. മത ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഔദാര്യം പോലെയാണ് കര്‍ണാടക സര്‍ക്കാര്‍ കാണുന്നത്. സംവരണം ആരുടേയും ഔദാര്യമല്ല അവകാശമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു വോട്ടു ബാങ്കുകള്‍ സംരക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ നടപടി. മുസ്ലീം വിഭാഗത്തെ സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍ 10 ശതമാനം സംവരണം ലഭിക്കുന്ന പട്ടികയിലേക്കാണ് മാറ്റിയത്. നേരത്തെ മുസ്ലീം വിഭാഗമായതുകൊണ്ട് ലഭിച്ചിരുന്ന സംവരണം ഇനി വരുമാനവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു മാത്രമേ ലഭിക്കൂ എന്നതാണ് സംവരണ കാറ്റഗറി മാറുമ്പോഴുള്ള വ്യത്യാസം.
'മുസ്ലീം സംവരണം അടര്‍ത്തി മാറ്റി നല്‍കിയ അധിക ശതമാനം സംവരണം വീര ശൈവ ലിംഗായത്തുകളും വൊക്കലിഗ സമുദായവും സ്വീകരിക്കുന്നില്ല. മുസ്ലീം വിഭാഗത്തെ സഹോദര തുല്യം കാണുന്നവരാണ് ഈ സമുദായങ്ങള്‍. ഈ സംവരണം കൊണ്ട് കാര്യമില്ല. 45 ദിവസങ്ങള്‍ കൊണ്ട് കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടാകും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങളില്‍ ഒന്ന് സംവരണം പുനഃസ്ഥാപിക്കലാകും' കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ന്യൂനപക്ഷ സംവരണത്തിന് ഭരണഘടനാ സാധുതയില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുശാസിക്കുന്നില്ല. മത ന്യൂനപക്ഷ പ്രീണനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയതെന്നും ഷാ ബീദറില്‍ പറഞ്ഞു. 1921ല്‍ മൈസൂര്‍ രാജാവായിരുന്നു വിദ്യാഭ്യാസം - തൊഴില്‍ അവസരങ്ങള്‍ക്ക് കര്‍ണാടകയിലെ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.