'ബിഹാര്‍ ആവര്‍ത്തിക്കരുത്'; യുപിയിലും ബംഗാളിലും അനുനയ നീക്കവുമായി കോണ്‍ഗ്രസ്, പതിനൊന്ന് സീറ്റ് നല്‍കാമെന്ന് അഖിലേഷ്

'ബിഹാര്‍ ആവര്‍ത്തിക്കരുത്'; യുപിയിലും ബംഗാളിലും അനുനയ നീക്കവുമായി കോണ്‍ഗ്രസ്, പതിനൊന്ന് സീറ്റ് നല്‍കാമെന്ന് അഖിലേഷ്

മമതയുടെ തെറ്റിപ്പിരിയലും നിതീഷ് കുമാറിന്റെ മുന്നണി വിടലും ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുന്ന സമയത്തിലാണ് എസ്പി സമീപനം മയപ്പെടുത്തിയിരിക്കുന്നത്
Updated on
1 min read

ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു മുന്നണി വിടുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍, 'ഇന്ത്യ' സഖ്യത്തിലെ മറ്റു പാര്‍ട്ടികളുമായി ആശവിനിമയം വേഗത്തിലാക്കി കോണ്‍ഗ്രസ്. ഇടഞ്ഞുനില്‍ക്കുന്ന അഖിലേഷ് യാദവിനേയും മമത ബാനര്‍ജിയേയും കൂടെനിര്‍ത്താനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന് പിന്നാലെ, കോണ്‍ഗ്രസിന് പതിനൊന്നു സീറ്റുകള്‍ നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി.

''കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 ശക്തമായ സീറ്റുകളുമായി നല്ല തുടക്കത്തിലാണ്. ഈ പ്രവണത വിജയിക്കുന്ന സമവാക്യവുമായി മുന്നോട്ട് പോകും. 'ഇന്ത്യ' ടീമും 'പിഡിഎ (പിന്നാക്ക ദളിത് ന്യൂനപക്ഷ) ' തന്ത്രവും ചരിത്രം മാറ്റും'', അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. എണ്‍പത് ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് ബിജെപിക്കും എസ്പിക്കും നിര്‍ണായകമാണ്. കഴിഞ്ഞതവണ ഒറ്റ സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് അഖിലേഷ് തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്.

'ബിഹാര്‍ ആവര്‍ത്തിക്കരുത്'; യുപിയിലും ബംഗാളിലും അനുനയ നീക്കവുമായി കോണ്‍ഗ്രസ്, പതിനൊന്ന് സീറ്റ് നല്‍കാമെന്ന് അഖിലേഷ്
തീരാത്ത കൂറുമാറ്റ കഥ; നിതീഷ് എൻഡിഎ ഉറപ്പിച്ചോ? ബിഹാറിലെ ചൂടുപിടിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകള്‍

എന്നാല്‍, മമതയുടെ തെറ്റിപ്പിരിയലും നിതീഷ് കുമാറിന്റെ മുന്നണി വിടലും ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുന്ന സമയത്തിലാണ് എസ്പി സമീപനം മയപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, നിതീഷിന് പറയാനുള്ളത് കേട്ടിരുന്നെങ്കില്‍ അദ്ദേഹം മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് അഖിലേഷ് പറഞ്ഞിരുന്നു. കൂടുതല്‍ സീറ്റ് വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് മയപ്പെടുത്തിയേക്കുമെന്നാണ് സൂചന.

പിണങ്ങിനില്‍ക്കുന്ന മമത ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മമത ബാനര്‍ജിയുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് സംസാരിച്ചു. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനങ്ങളാണ് ബിഹാറും ബംഗാളും. ജെഡിയുവിന്റെ പുറത്തുപോക്കോടെ ബിഹാറിലുണ്ടാകുന്ന തിരിച്ചടി മറികടക്കാന്‍ ഇന്ത്യ സഖ്യത്തിന് ബംഗാളും യുപിയും നിര്‍ണായകമാണ്.

എന്നാല്‍, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ 62 സീറ്റും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ അഞ്ചു സീറ്റാണ് എസ്പിയുടെ സംഭാവന. രാമക്ഷേത്ര പ്രതിഷ്ഠയടക്കം പ്രചരണായുധമാക്കി ബിജെപി ഇതിനോടകം തന്നെ ഒരുപടി മുന്നിലാണ്. എസ്പിയെ പിണക്കിയാല്‍ യുപിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ബംഗാളില്‍ നാല് സീറ്റ് നല്‍കാമെന്നായിരുന്നു മമതയുടെ വാഗ്ദാനം. എന്നാല്‍ എട്ട് സീറ്റ് വേണമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടിത്തുമാണ് മമതയെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചത്.

logo
The Fourth
www.thefourthnews.in