മോര്‍ബി ദുരന്തമടക്കം 22 കുറ്റങ്ങള്‍: ഗുജറാത്ത് സര്‍ക്കാരിനെതിരെ കോൺഗ്രസിന്റെ 'കുറ്റപത്രം'
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. 22 വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി കോണ്‍ഗ്രസ് 'കുറ്റപത്രം' പുറത്തിറക്കി. 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല ദുരന്തവും ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 പ്രതികളെ ജയില്‍മോചിതരാക്കിയ സംഭവവുമെല്ലാം ബിജെപിക്കെതിരായ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്.
ഒക്ടോബര്‍ 30 ന് സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം ബിജെപി സൃഷ്ടിച്ച ദുരന്തമാണെന്നാണ് കോണ്‍ഗ്രസ് കുറ്റപത്രത്തില്‍ പറയുന്നത്. ഭരിക്കുന്ന സര്‍ക്കാരും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ദുരന്തം. 'മനുഷ്യജീവന് യാതൊരു വിലയും നല്‍കാത്ത ബിജെപി സര്‍ക്കാരിന്റെ അഴിമതിയുടെ ഫലമാണിതെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും 12 ലക്ഷം മാത്രമാണ് ചെലവഴിച്ചതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പ്രതിപക്ഷം ആക്രമണം കടുപ്പിക്കുന്നത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതും ബിജെപിക്കെതിരായ പ്രചരണ ആയുധമാക്കിക്കഴിഞ്ഞു കോണ്‍ഗ്രസ്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ തീരുമാനം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ വര്‍ദ്ധനവ്, വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം, സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലായ്മ, കോവിഡ്-19 മഹാമാരിയുടെ കെടുകാര്യസ്ഥത, സാമുദായിക രാഷ്ട്രീയം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട പൗരന്മാരോടുള്ള അവഗണനയും പീഡനവും തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.
മഹാത്മാഗാന്ധിയുടെയും പട്ടേലിന്റെയും ഗുജറാത്തെന്ന അഭിമാനം വീണ്ടെടുക്കുന്നതിനായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കണമെന്ന് കുറ്റപത്രം പുറത്തിറക്കിക്കൊണ്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭരത് സിംഗ് സോളങ്കി വ്യക്തമാക്കി. "ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം". എന്നാല്‍ ഈ വിഷയങ്ങളിൾ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും കൂടുതൽ ചര്‍ച്ച ചെയ്യാനുമാണ് കുറ്റപത്രമെന്നും ഭരത് സിംഗ് സോളങ്കി കൂട്ടിച്ചേര്‍ത്തു.
നികുതിപ്പണം ചിലവഴിച്ച് വ്യവസായികളെ സമ്പന്നരാക്കുക, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുക, ദാരിദ്ര്യത്തിന്റെ വര്‍ദ്ധനവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവയാണ് ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെന്നും കുറ്റപത്രത്തില്‍ പരിഹസിക്കുന്നു.