ഏകീകൃത സിവില്‍ കോഡ്: കേന്ദ്ര സർക്കാർ നീക്കം മുന്‍ നിയമ കമ്മീഷന്റെ അഭിപ്രായം മറികടന്നെന്ന് കോൺഗ്രസ്

ഏകീകൃത സിവില്‍ കോഡ്: കേന്ദ്ര സർക്കാർ നീക്കം മുന്‍ നിയമ കമ്മീഷന്റെ അഭിപ്രായം മറികടന്നെന്ന് കോൺഗ്രസ്

സമഗ്രമായ അവലോകനം നടത്തിയ ശേഷമാണ് യുസിസി ആവശ്യമില്ലെന്ന് കഴിഞ്ഞ നിയമ കമ്മീഷൻ നിരീക്ഷിച്ചതെന്ന് ജയറാം രമേശ്
Updated on
2 min read

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ലെന്ന മുന്‍ നിയമ കമ്മീഷന്റെ അഭിപ്രായം മറികടന്നാണ് കേന്ദ്രസർക്കാർ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. വീണ്ടും വിഷയം പരിഗണിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിക്കുകയോ വിഷയം പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത കേന്ദ്രം വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

വീണ്ടും യിസിസി പരിഗണിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും കാണിക്കുകയോ വിഷയം പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത കേന്ദ്രം വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

യുസിസി സംബന്ധിച്ച കോടതി ഉത്തരവുകൾ സംബന്ധിച്ച് അവ്യക്തമായ പരാമർശങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വിശദവും സമഗ്രവുമായ അവലോകനം നടത്തിയ ശേഷമാണ് യുസിസി ആവശ്യമില്ലെന്ന് കഴിഞ്ഞ നിയമ കമ്മീഷൻ നിരീക്ഷിച്ചതെന്ന് ട്വീറ്റില്‍ പറയുന്നു. "ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം ആഘോഷിക്കപ്പെടേണ്ടതാണ്. രാജ്യത്തെ ഒരു വിഭാഗത്തെയും താഴ്ത്തിക്കെട്ടുന്ന പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ പ്രതീകമാണ് ഈ വൈവിധ്യം. യുസിസി പോലുള്ള നിയമങ്ങള്‍ വിവേചനപരമാണ്." 21-ാമത് നിയമ കമ്മീഷനെ നിരീക്ഷണം ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്നത്. എന്നാൽ പല വിധ പ്രശ്നങ്ങൾ മൂലം നിയമത്തിന്റെ കരട് രേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്. ഇപ്പോള്‍, ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള പൊതുജനങ്ങളുടെയും അംഗീകൃത മതസംഘടകനകളുടെയും അഭിപ്രായം തേടാനാണ് 22-ാമത് നിയമകമ്മീഷന്റെ നിർദേശം. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ താത്പര്യമുള്ളവർ നോട്ടീസ് നൽകി മുപ്പത് ദിവസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.

ഏകീകൃത സിവില്‍ കോഡ്: കേന്ദ്ര സർക്കാർ നീക്കം മുന്‍ നിയമ കമ്മീഷന്റെ അഭിപ്രായം മറികടന്നെന്ന് കോൺഗ്രസ്
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ വീണ്ടും കളമൊരുങ്ങുന്നു; പൊതുജനാഭിപ്രായം തേടി നിയമകമ്മീഷന്‍

21ാം നിയമ കമ്മീഷൻ ചെയർപേഴ്‌സണായിരുന്ന സുപ്രീം കോടതി മുൻ ജസ്റ്റിസ് പി ബി സാവന്ത് വിരമിച്ച ശേഷം നിയമ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന ഗുജറാത്തിലെ പ്രഖ്യാപനത്തിന് ശേഷം പെട്ടെന്ന് പുതിയ നിയമകമ്മീഷൻ രൂപീകരിച്ചത് യുസിസി ലക്ഷ്യം വച്ചാണെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.

ഗോവയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചൽ പ്രദേശ് സർക്കാരുകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായികിന്റെ പരോക്ഷ പിന്തുണയും ബിജെപിക്ക് ഇപ്പോഴുണ്ട്. അതിന്റെ ധൈര്യത്തിലാണ് വീണ്ടും യു സി സി രാജ്യത്ത് ചർച്ചയാക്കുന്നതെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in