ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

ശരദ്പവാര്‍ രൂപീകരിച്ച ഫോര്‍മുല പ്രകാരമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സഞ്ജയ് റൗത്ത് പറഞ്ഞു
Updated on
1 min read

മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാ വികാസ് അഘാഡി സഖ്യം. 85 വീതം സീറ്റുകളില്‍ കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എന്‍സിപി(ശരദ്പവാര്‍) പാര്‍ട്ടികള്‍ മത്സരിക്കാന്‍ ധാരണയായി. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. 255 സീറ്റുകള്‍ ഈ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കുമ്പോള്‍ ശേഷിക്കുന്ന 33 സീറ്റുകള്‍ സിപിഎം ഉള്‍പ്പടെയുള്ള ചെറു സഖ്യകക്ഷികള്‍ക്കായി വീതിക്കാനും ഇന്നു ചേര്‍ന്ന മുന്നണി യോഗത്തില്‍ ധാരണയായി.

നീണ്ട നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നു ചേര്‍ന്ന മുന്നണി യോഗത്തിലാണ് അന്തിമ തീരുമാനമായത്. യോഗശേഷം ശിവസേന നേതാവ് സഞ്ജയ് റൗത്തും കോണ്‍ഗ്രസ് നേതാവ് നാന പഥോളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് ധാരണയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്.

ശരദ്പവാര്‍ രൂപീകരിച്ച ഫോര്‍മുല പ്രകാരമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്നും മുതിര്‍ന്ന നേതാവായ ശരദ്പവാറിന്റെ നിര്‍ദേശങ്ങള്‍ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നെന്നും വര്‍ഗീയ-അവസരവാദ രാഷ്ട്രീയത്തെ മഹാരാഷ്ട്രയു െമണ്ണില്‍ നിന്നു തുടച്ചുനീക്കാന്‍ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സഞ്ജയ് റൗത്ത് പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താനാകാഞ്ഞതിനേ തുടര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യം പിളരുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇന്നലെ ആറു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ധാരണയില്‍ എത്താനായിരുന്നില്ല. തുടര്‍ന്ന് ശരദ്പവാര്‍ ഉദ്ധവ് താക്കറെയുമായി കൂടിയാലോചിച്ചു ഒരു ഫോര്‍മുല തയാറാക്കിയ ശേഷം കോണ്‍ഗ്രസ് വൃത്തങ്ങളെ അറിയിക്കുകയായിരുന്നു.

ഫോര്‍മുല സംബന്ധിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ടെലഫോണില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ധാരണയിലെത്താന്‍ സമ്മതം അറിയിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ അറിയിച്ചത്. മുന്നണിയിലെ മൂന്നു പ്രധാന കക്ഷികള്‍ക്കും ഒരേ എണ്ണം സീറ്റ് നല്‍കിയതിലൂടെ മൂപ്പിളമ തര്‍ക്കത്തിനും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനും താല്‍ക്കാലിക പരിഹാരമായി.

logo
The Fourth
www.thefourthnews.in