കർണാടക പാഠവും, ലോക്സഭാ തിരഞ്ഞെടുപ്പും; നിർണ്ണായക കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ 'തന്ത്രങ്ങൾ'
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ രണ്ടാം യോഗവും പൂര്‍ത്തിയായിരിക്കുന്നു. വരാനിരിക്കുന്ന അസംബ്ലി-പാർലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാട് എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പങ്കുവച്ചത്.
സ്ത്രീ കേന്ദ്രീകൃതവും ഒബിസി രാഷ്ട്രീയമാണ് ഭാവിയിലെ പ്രധാനവിഷയമായി ഉയര്‍ത്തുക എന്ന് കർണാടക തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ് നിലപാടുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇത്തവണ ഒരു പടികൂടി കടന്ന് ജാതി സെൻസസുൾപ്പെടെ മുന്നോട്ടു വെച്ച് കളം പിടിക്കുകയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് പ്രവർത്തക സമിതി യോഗത്തോടെ വ്യക്തമാവുകയാണ്.
അഞ്ചിൽ ഒരു സംസ്ഥാനത്ത് മാത്രമാണ് ബി ജെ പിക്ക് ഭരണമുള്ളത്. അത് മധ്യപ്രദേശാണ്
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയി കണക്കാക്കുന്ന ഈ തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാണെന്ന് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിനം തന്നെ കോണ്‍ഗ്രസ് തങ്ങളുടെ നിലപാടുകള്‍ പങ്കുവച്ചത്. കോൺഗ്രസിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട അഞ്ച് തിരഞ്ഞെടുപ്പുകളാണ് നടക്കാൻ പോകുന്നത്. കേവലം അഞ്ച് തിരഞ്ഞെടുപ്പുകൾ എന്നതിനപ്പുറം കോൺഗ്രസിനനുകൂലമായി മാറാൻസാധ്യതയുള്ള തിരഞ്ഞെടുപ്പുകൾ കൂടിയാണ് എന്നതാണ് കാര്യം. അഞ്ചിൽ സംസ്ഥാനത്ത് മധ്യപ്രദേശില്‍ മാത്രമാണ് ബി ജെ പിക്ക് ഭരണമുള്ളത്.
2018 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ രാഷ്ട്രീയ നീക്കങ്ങളിലൂടെ മറികടന്നാണ് ബിജെപി ഭരണം നേടുന്നത്. എന്നാല്‍ പതിറ്റാണ്ടുകൾ നീണ്ട ശിവരാജ് സിങ് ചൗഹാൻ ഭരണം അവസാനിക്കാനുള്ള സാഹചര്യങ്ങളാണ് അവിടെയുള്ളത്. കാര്യങ്ങൾ ഇത്തവണ കോൺഗ്രസിന് അനുകൂലമാകും എന്ന വിലയിരുത്തലുകളുണ്ട്. രാജസ്ഥാനിലും ചത്തീസ്‌ഗഡിലും സമാനമായ കോൺഗ്രസ് അനുകൂല സാഹചര്യങ്ങളുള്ളതായി വിലയിരുത്തപ്പെടുന്നു. ഭരണത്തിൽ വന്നാൽ വനിതാ സംവരണ ബില്ല് നടപ്പിലാക്കും, ജാതി സെൻസസ് നടത്തും എന്നീ രണ്ട് പ്രഖ്യാപനങ്ങളാണ് മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ട് വയ്ക്കുന്നത്.
തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ കൃത്യമായ ദിശയിൽ അച്ചടക്കത്തോടെയും ഒത്തോരുമയോടെയും പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ഓരോ സംസ്ഥാനത്തും കൃത്യമായ തന്ത്രങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകണമെന്നും ഖാർഗെ പറഞ്ഞു.
ഈ പ്രവർത്തക സമിതിയിൽ നടത്താനുള്ളത്. വനിതാ സംവരണം ഇപ്പോൾ അവതരിപ്പിച്ച രീതിയിലല്ല, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ചാവും നടത്തുക എന്ന ഉറപ്പും ഖാർഗെ നൽകുന്നുണ്ട്.
എന്താണ് മല്ലികാർജ്ജുൻ ഖാർഗെ പ്രവർത്തക സമിതിയിൽ പറഞ്ഞത്?
കോൺഗ്രസ് ഭരണത്തിൽ വന്നാൽ രാജ്യവ്യാപകമായി ജാതി സെൻസസ് സംഘടിപ്പിക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നതാണ് അതിന്റെ ഉദ്ദേശം. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെയും, മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കലാണ് ലക്ഷ്യമെന്നും ഖാർഗെ പറഞ്ഞു. ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും ഖാർഗെ പ്രവർത്തക സമിതിയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പരാജയങ്ങളാണ് തിരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കാണിക്കേണ്ടതെന്നും, തെറ്റായ ഒരുപാട് പ്രോപഗണ്ടകൾ ബിജെപി അവതരിപ്പിക്കാൻ സാധ്യതയുണ്ട്, അതിനെയെല്ലാം പെട്ടന്ന് തന്നെ പ്രതിരോധിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പടുക്കുമ്പോൾ അത്തരം പ്രചരണങ്ങൾ വർധിക്കുമെന്നും തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ കൃത്യമായ ദിശയിൽ അച്ചടക്കത്തോടെയും ഒത്തോരുമയോടെയും പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ഓരോ സംസ്ഥാനത്തും കൃത്യമായ തന്ത്രങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകണമെന്നും മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
എന്തുകൊണ്ട് ഈ ദിവസം പ്രവർത്തക സമിതി?
അസംബ്ലി തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്ന ദിവസം തന്നെ പ്രവർത്തക സമിതി യോഗം വിളിക്കണം എന്ന് കോൺഗ്രസ് നേരത്തെ തീരുമാനിച്ചതാണ്. മല്ലികാർജ്ജുൻ ഖാർഗെക്കൊപ്പം മുൻ പാർട്ടി പ്രസിഡന്റുമാരായ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, കോൺഗ്രസ് ഭരിക്കുന്ന നാല് സംസഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും പാർട്ടി മുതിർന്ന നേതാക്കളും യോഗത്തിലുണ്ടായിരുന്നു.
രാജ്യത്തെ ജനങ്ങളെ ജാതി സെൻസസിലൂടെ വിഭജിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിമർശിച്ച സാഹചര്യത്തിൽ ജാതി സെൻസസ് ആവശ്യപ്പെടുന്നതിന് കോൺഗ്രെസ്സിനുള്ളിലെ ചിലർക്കെങ്കിലും ആശങ്ക നിലനിൽക്കുമ്പോൾ തന്നെയാണ് ജാതിസെൻസസ് നടത്തും എന്ന പ്രഖ്യാപനവുമായി പ്രവർത്തക സമിതിയിൽ മല്ലികാർജ്ജുൻ ഖാർഗെ വരുന്നത്.
തെലങ്കാനയിലും മിസോറാമിലും കാര്യമായ പ്രതീക്ഷയൊന്നും കോൺഗ്രെസിനില്ല. ബി ആർ എസും, മിസോ നാഷണൽ ഫ്രണ്ടുമാണ് രണ്ടു സംസ്ഥാനങ്ങളിലെയും പ്രധാന കക്ഷികൾ. ബി ജെ പി ക്കും ഈ രണ്ട് സംസ്ഥാനത്തും കാര്യമായി നേട്ടമുണ്ടാക്കാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ശ്രദ്ധ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലായിരിക്കും. പ്രത്യേകിച്ച് മധ്യപ്രദേശിൽ. ബി ജെ പിയിൽ നിന്ന് ഭരണം തിരിച്ചു പിടിക്കുക എന്നതാണ് അവിടെ കോൺഗ്രസ് ദൗത്യം. കഴിഞ്ഞതവണ തന്നെ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു എന്നത് കോൺഗ്രസ് ക്യാമ്പിന് ധൈര്യം നൽകുന്നുണ്ട്.
അധികാരത്തിലുള്ള രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസിന് അനുകൂലമാണ് രംഗമെങ്കിലും 2024 എന്ന പ്രധാന കടമ്പ മുന്നിൽ കണ്ട് സ്വാധീനമുള്ളയിടങ്ങളിലും പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ട് കോൺഗ്രസ്.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി എം എൽ എ സഞ്ജയ് സിങ് അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തിൽ പ്രവർത്തക സമിതി അപലപിച്ചു. എന്നാൽ പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആം ആദ്മി സർക്കാർ സ്വീകരിക്കുന്ന നയവും ഇത് തന്നെയാണെന്ന വിമർശനവും പ്രവർത്തക സമിതിയിൽ ഉയർന്നു. കോൺഗ്രസ് കർഷക സംഘടനാ നേതാവ് സുഖ്‌പാൽ ഖൈറ അറസ്റ്റുചെയ്യപ്പെട്ടതും പരാമർശിക്കപ്പെട്ടു.
രാജസ്ഥാൻ ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാർക്ക് പുറമെ കർണാടക, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും, അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പാർലമെന്ററി പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം സെപ്റ്റംബറിൽ ഹൈദരാബാദിൽ വച്ചായിരുന്നു നടന്നത്. ആ യോഗത്തിൽ വനിതാ ബില്ലും അസംബ്ലി തിരഞ്ഞെടുപ്പുകളുടെ ഒരുക്കവുമായിരുന്നു അജണ്ട. രണ്ടാഴ്ചകൾക്കിപ്പുറം ഡൽഹിയിൽ വീണ്ടും പ്രവർത്തക സമിതി ചേരുന്നത് അത്രയും നിർണ്ണായകമായ തീരുമാനങ്ങളെടുക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.