സിദ്ധരാമയ്യ  ടിക്കറ്റ് നൽകി; കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്ക് തുടക്കം 

സിദ്ധരാമയ്യ  ടിക്കറ്റ് നൽകി; കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്ക് തുടക്കം 

യാത്രക്കാർക്ക് ശക്തി സ്മാർട്ട് കാർഡിനായി സേവാ സിന്ധു പോർട്ടലിൽ  അപേക്ഷിക്കാം
Updated on
2 min read

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതിയുടെ ഉദ്ഘാടനം ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് നിര്‍വഹിച്ചു.

കന്നി യാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒരേ സീറ്റിലിരുന്ന് നഗരത്തിൽ യാത്ര ചെയ്തു

സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റ്  'ശക്തി സ്മാർട്ട് കാർഡ് 'തിരഞ്ഞെടുത്ത  5 വനിതാ യാത്രികർക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ  പ്രതീകാത്മകമായി വിതരണം ചെയ്തു. സൗജന്യ കന്നിയാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഒരേസീറ്റിലിരുന്ന് നഗരത്തിലൂടെ യാത്ര ചെയ്തു. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും സഹയാത്രികനായി. കർണാടകയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ  ശക്തി പദ്ധതി  ഉദ്‌ഘാടനം ചെയ്യപ്പെട്ടു. സ്ത്രീകൾ ആടിയും പാടിയും കന്നി സൗജന്യ യാത്ര അവിസ്മരണീയമാക്കി.

ശക്തി സ്മാർട്ട് കാർഡ്  പൂർണമായും വിതരണം ചെയ്യും വരെ  ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങി പൂര്‍ണവിലാസമുള്ള തിരിച്ചറിയൽ രേഖകൾ ഹാജരാക്കാം. സൗജന്യയാത്രയ്ക്കുള്ള സ്മാര്‍ട്ട് കാര്‍ഡിന് സര്‍ക്കാരിന്റെ പോര്‍ട്ടലായ സേവാ സിന്ധുവിൽ ഞായറാഴ്ച മുതൽ അപേക്ഷിക്കാം. മൂന്നുമാസം വരെ അപേക്ഷകൾ സ്വീകരിക്കും.

സിദ്ധരാമയ്യ  ടിക്കറ്റ് നൽകി; കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്ക് തുടക്കം 
സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര; കർണാടകയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അതിർത്തി ജില്ലകളിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക്  സർവീസ് നടത്തുന്ന ബസുകളിൽ 20 കിലോമീറ്റർ ദൂരം മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ

കര്‍ണാടകയില്‍ സ്ഥിരതാമസമായ വനിതകള്‍ക്കാണ് സൗജന്യ ബസ് യാത്രയ്ക്ക് അര്‍ഹത. തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസം നോക്കിയാണ് അര്‍ഹരായവരെ തിരിച്ചറിയുക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖകളുമായി എത്തുന്നവര്‍ക്ക് സൗജന്യ യാത്ര ഇല്ല, അവര്‍ മുഴുവന്‍ നിരക്കും നല്‍കി ടിക്കറ്റ് എടുക്കണം. കര്‍ണാടക ആര്‍ടിസി, ബിഎംടിസി, എന്‍ഡബ്ല്യുകെആര്‍ടിസി, കെകെആര്‍ടിസി എന്നിവയുടെ സിറ്റി, ഓര്‍ഡിനറി, എക്സ്പ്രസ് ബസ്സുകളിലാണ് അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുക.

രാജഹംസ നോണ്‍ എ സി സ്ലീപ്പര്‍, വജ്ര, വായു വജ്ര, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരിഉത്സവ്, ഫ്ളൈ ബസ് എന്നിവയില്‍ സൗജന്യ യാത്ര അനുവദിക്കില്ല. സംസ്ഥാനത്തിനകത്തെ യാത്രക്ക് ദൂരപരിധി ഇല്ല, എന്നാല്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളില്‍ 20 കിലോമീറ്റര്‍ ദൂരം മാത്രമേ സൗജന്യ യാത്ര അനുവദിക്കൂ.

logo
The Fourth
www.thefourthnews.in