സാങ്മയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം; മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ
മേഘാലയയില്‍ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവര്‍ണറുടെ കത്ത് ലഭിച്ചെന്ന് കോൺറാഡ് സാങ്മ. മാര്‍ച്ച് ഏഴിന് രാവിലെ 11ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. തനിക്ക് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സാങ്മ അവകാശപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു.
60 സീറ്റുകളുള്ള മേഘാലയ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 26 സീറ്റ് നേടിയിരുന്നു. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സാങ്മ കഴിഞ്ഞ ദിവസം ബിജെപിയുടെ പിന്തുണ തേടിയിരുന്നു. തുടര്‍ന്ന് മേഘാലയയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു. ഇന്നലെ സാങ്മയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്.
ഇന്നലെ സാങ്മയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്
കേവല ഭൂരിപക്ഷമായ 31 സീറ്റുകള്‍ പിടിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുകയുള്ളൂ. 60 അംഗ നിയമസഭയില്‍ 26 സീറ്റുകളുമായി എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബിജെപി രണ്ട് സീറ്റ് നേടി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയുമായുള്ള സഖ്യം സാങ്മ ഉപേക്ഷിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുപാര്‍ട്ടികളുടെ സഹായം ആവശ്യമായ സാഹചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന ബിജെപിയെയും മറ്റുള്ളവരെയും എന്‍പിപി ആശ്രയിച്ചിരിക്കുന്നത്.