മാനദണ്ഡങ്ങള്‍ ലംഘിച്ച് ആസിഡ് വിൽപ്പന: ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്

മാനദണ്ഡങ്ങള്‍ ലംഘിച്ച് ആസിഡ് വിൽപ്പന: ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്

ഡൽഹിയില്‍ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയ പ്രതികള്‍ ആസിഡ് വാങ്ങിയത് ഫ്ലിപ്പ്കാർട്ടിൽ നിന്നാണെന്ന് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് നടപടി
Updated on
1 min read

ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ആണ് ഇരു കമ്പനികൾക്കും നോട്ടീസ് അയച്ചത്. അടുത്തിടെ ഡൽഹിയിലെ ദ്വാരകയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്പ്കാർട്ടിൽ നിന്നാണെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. പിന്നാലെ ഡൽഹി പോലീസും , വ്യാഴാഴ്ച വനിതാ കമ്മീഷനും ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചിരുന്നു.

" ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (meesho.com) എന്നീ രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകളിലെ ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ സ്ഥാപനങ്ങൾക്ക് ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്. " ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വിശദീകരണം നൽകാൻ ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്

ഈ രണ്ട് സ്ഥാപനങ്ങളും സിസിപിഎയുടെ നിർദേശങ്ങൾ പാലിക്കാത്തതിനാൽ 2019 ലെ ഉപഭോക്‌തൃ സംരക്ഷണ നിയമ പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

കൊറോസിവ് ആസിഡുകളുടെ ഓൺലൈൻ വില്പനയെക്കുറിച്ചുള്ള പരിശോധനയിലാണ് സുപ്രീം കോടതി നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം നൽകുന്ന നിർദേശങ്ങളും ലംഘിച്ച് ആസിഡ് വിൽക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച ഡൽഹിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിരോധനങ്ങൾ നിലനിൽക്കെ വിപണിയിൽ ആസിഡ് ലഭ്യമാകുന്നതിനെ സംബന്ധിച്ച് അനവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നീടാണ് മുഖ്യപ്രതി സച്ചിൻ അറോറ ഫ്ലിപ്പ്കാർട്ടിൽ നിന്നാണ് വാങ്ങിയത് എന്ന് വെളിപ്പെടുത്തിയത്.

ഇ മാർക്കറ്റിങ് സ്ഥാപനങ്ങൾ യാതൊരു ശ്രദ്ധയും കൂടാതെ എളുപ്പത്തിൽ ലഭ്യമാകുന്ന ആസിഡുകൾ അനിയന്ത്രിതമായി വിൽക്കുന്നത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രാലയം

ഇ മാർക്കറ്റിങ് സ്ഥാപനങ്ങൾ യാതൊരു ശ്രദ്ധയും കൂടാതെ എളുപ്പത്തിൽ ലഭ്യമാകുന്ന ആസിഡുകൾ അനിയന്ത്രിതമായി വിൽക്കുന്നത് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള വിഭാഗത്തിന് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആസിഡ് വിൽപ്പനയെ സംബന്ധിച്ച് ലക്ഷ്മി vs യൂണിയൻ ഓഫ് ഇന്ത്യ & ഓർസ് കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങള്‍ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടികൾ ഉടൻ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണർ, ഡൽഹി സ്റ്റേറ്റ് ലീഗൽ അതോറിറ്റി എന്നിവർക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in