ഒരു ഡോളറിന് 81.50; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.50 രൂപയിലെത്തി. വെള്ളിയാഴ്ച 81.25 രൂപയില്‍ ക്ലോസ് ചെയ്ത രൂപ തിങ്കളാഴ്ച വിപണി ആരംഭിച്ചതിന് പിന്നാലെ വീണ്ടും ഇടിയുകയായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.
യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച പലിശ വര്‍ധനയുടെ ആഘാതമാണ് ആഗോള തലത്തിലെ പ്രധാന കറന്‍സികളെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ കഴിഞ്ഞ ആഴ്ചകളില്‍ അഭിമുഖീകരിക്കുന്നത്. ഇക്കാലയളവില്‍ 1.6 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ കഴിഞ്ഞ ആഴ്ചകളില്‍ അഭിമുഖീകരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് യുഎസ് ഫെഡറല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ ആഗോള വിപണിയിലാകെ ഡോളര്‍ ശക്തിപ്രാപിക്കുകയാണ്. വലിയ ഇടിവ് രേഖപ്പെടുത്തിയ വെള്ളിയാഴ്ചയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലാണ് പിന്നീട് വ്യപാരം അവസാനിപ്പിക്കുമ്പോഴേക്കും രൂപയെ അല്‍പമെങ്കിലും ഭേദപ്പെട്ട നിരക്കിലേക്ക് കരകയറ്റിയത്. ഇന്ത്യന്‍ കറന്‍സിക്കുണ്ടായ മൂല്യത്തകര്‍ച്ച പ്രതിരോധിക്കാന്‍ പ്രവാസികളുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികളും ആര്‍ബിഐ സ്വീകരിക്കുന്നുണ്ട്.
രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, ആഗോള വിപണയിലെ ആകെ തര്‍ച്ചയുടെ പശ്ചാത്തലം പരിശോധിച്ചാല്‍ രൂപയുടെ മൂല്യത്തിന് വലിയ കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്. റിസര്‍വ് ബാങ്കും ധനമന്ത്രാലയവും രൂപയുടെ വിനിമയ വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു.
'നിങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ മൂല്യത്തിന് ഏറ്റക്കുറച്ചിലുണ്ടാകുന്നില്ലെങ്കില്‍ അത് ഇന്ത്യന്‍ രൂപയായിരിക്കും. രൂപയ്ക്ക് മൂല്യത്തകര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള എല്ലാവഴികളും കേന്ദ്ര ധനമന്ത്രാലയം അടച്ചു.' എന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇതിന് വിരുദ്ധമാണ് തിങ്കളാഴ്ചയിലെ ഇടിവെന്നതും ശ്രദ്ധേയമാണ്.