ഫയൽ ചിത്രം
ഫയൽ ചിത്രം

വൈദ്യുതി നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; വ്യാപക പ്രതിഷേധം

പിൻമാറണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം
Updated on
2 min read

രാജ്യവ്യാപക പ്രതിഷേധത്തിനിടെ വൈദ്യുതി ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍. വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടി അവസരം നല്‍കുന്നതാണെ് ബില്‍ എന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. മുന്‍ പാര്‍ലമെന്റ് സമ്മേളനങ്ങളിലും ബില്‍ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവതരിപ്പിച്ചിരുന്നില്ല. വൈദ്യുതി ഉത്പാദനം, പ്രസരണം, വാങ്ങൽ, വിൽക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി 2003 ൽ കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ബില്‍ കൊണ്ടു വരുന്നത്.

എന്താണ് വൈദ്യുതി ഭേദഗതി ബില്‍ ?

വൈദ്യുതി വിതരണ മേഖലയിലെ ലൈസന്‍സ് സംവിധാനം നീക്കി വിതരണത്തിനുള്ള അവസരം സ്വകാര്യ കമ്പനികള്‍ക്കു കൂടി നല്‍കുന്നതാണ് ഈ ബില്‍. വിതരണാവകാശത്തിനായി മതിയായ രേഖകള്‍ സഹിതം സ്വകാര്യ കമ്പനികള്‍ അപേക്ഷിച്ചാല്‍ എതിര്‍ക്കുന്നതിന് റെഗുലേറ്ററി കമ്മീഷനും പരിമിതികളുണ്ട്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വിതരണരംഗത്ത് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കുള്ള കുത്തക അവസാനിക്കും. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കുകയും ചെയ്യാം.

ബില്ലിനെതിരായ വിമര്‍ശനങ്ങള്‍

സ്വകാര്യകമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ അവസരം നല്‍കുന്നതാണ് ബില്ലെന്നാണ് ആക്ഷേപം. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നിരക്ക് വര്‍ധനയുടെ ഭാരം വഹിക്കേണ്ടിവരും. സ്വകാര്യ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് തൊഴിലാളി സംഘടനകള്‍ വിമര്‍ശിക്കുന്നു. സ്വകാര്യ സംരംഭകരുടെ യോഗ്യത നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരായതിനാല്‍ സംസ്ഥാന സര്‍ക്കാരിനോ റഗുലേറ്ററി കമ്മീഷനോ സംരംഭകര്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാവുകയുമില്ല.

ഇപ്പോഴത്തെ വിതരണ സംവിധാനങ്ങള്‍ക്കും ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതത്തിനും സ്വകാര്യ സംരംഭകര്‍ക്ക് അവകാശമുണ്ടെങ്കിലും എല്ലാവര്‍ക്കും വൈദ്യുതി നല്‍കാനുള്ള ബാധ്യത ഇവര്‍ക്ക് ഉണ്ടാകില്ല. അതിനാല്‍ നഗരമേഖലകള്‍ മാത്രമായിരിക്കും ഇവര്‍ കേന്ദ്രീകരിക്കുക. സ്വാഭാവികമായും അതിസമ്പന്നരും വന്‍വ്യവസായികളുമൊക്കെയാകും ഇവരുടെ ഉപയോക്താക്കള്‍. ഇത് സര്‍ക്കാരിന്റെ വിതരണ കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുകയും സൗജന്യനിരക്കില്‍ വൈദ്യുതി ലഭിക്കേണ്ട കര്‍ഷകരും ദരിദ്രരുമൊക്കെ അവഗണിക്കപ്പെടുകയും ചെയ്യും. ഇവര്‍ക്ക് വൈദ്യുതി നല്‍കേണ്ട ഉത്തരവാദിത്വം പൊതുമേഖലാ വിതരണ കമ്പനികള്‍ക്കുമായിരിക്കും.

കേന്ദ്രസര്‍ക്കാരിന്റെ വാദം

ഊര്‍ജമേഖലയില്‍ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണ കമ്പനികളെ തിരഞ്ഞെടുക്കാനും അവസരം ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിതോര്‍ജത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ പറയുന്നു. അതോടൊപ്പം തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് വൈദ്യുതി വാങ്ങാമെന്നുമാണ് സര്‍ക്കാരിന്റെ ഭാഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്

വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിതരണ മേഖലയില്‍ സ്വകാര്യ സംരംഭകര്‍ കടന്നുവരുന്നതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ അവഗണിക്കപ്പെടുമെന്നും പൊതുമേഖലയിലെ വൈദ്യുതി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഭേദഗതി ബില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വൈദ്യുതി അപ്രാപ്യമാക്കുമെന്നും കേന്ദ്രം പിന്തിരിയണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. ഭേദഗതി ബില്ലിനെതിരെ 2021 ഓഗസ്റ്റ് 5 ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

രാജ്യവ്യാപക പ്രതിഷേധം, ജോലി ബഹിഷ്‌കരിച്ച് ജീവനക്കാര്‍

വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചു. കേരളത്തിലും ജോലി ബഹിഷ്‌കരണം ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതിയായ നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് കേരള ഘടകം അറിയിച്ചത്. ബിഎംഎസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധിക്കുന്നത്.

തൊഴിലാളികള്‍ ഇന്ന് ഓഫീസിലേക്ക് എത്തില്ല. വൈദ്യുതി ഉത്പ്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിങ് അടക്കമുള്ള ഓഫീസ് ജോലികള്‍ എല്ലാം തടസപ്പെടും. എന്നാല്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. സെക്ഷന്‍ ഓഫീസുകള്‍, ഡിവിഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ധര്‍ണയും സംഘടിപ്പിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കില്‍ സമരം കടുപ്പിക്കാന്‍ ആണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

logo
The Fourth
www.thefourthnews.in