ആശങ്കയൊഴിയാതെ മണിപ്പൂര്‍; പുതിയ ആക്രമണത്തില്‍ ഒരു പോലീസുകാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ കലാപം അയവില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു പോലീസുകാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 127 ആയതായി പോലീസ് അറിയിച്ചു. ചുരാചന്ദ്പൂർ, ബിഷ്ണുപുർ ജില്ലകളുടെ അതിർത്തിക്ക് സമീപം കാംഗ്വായിലാണ് ആദ്യമായി അക്രമം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ആയുധധാരികളായ ഒരു സംഘം മറ്റൊരു ഗ്രൂപ്പിന്റെ ഗ്രാമങ്ങൾ ആക്രമിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ചുരചന്ദ്പൂർ പോലീസ് അറിയിച്ചു. സുരക്ഷാ സേന ഇടപെട്ട് ആക്രമണം നിയന്ത്രണ വിധേയമാക്കുന്നത് വരെ മണിക്കൂറുകളോളം ഇരുപക്ഷവും ഏറ്റുമുട്ടി.
വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ആയുധധാരികളായ ഒരു സംഘം മറ്റൊരു ഗ്രൂപ്പിന്റെ ഗ്രാമങ്ങൾ ആക്രമിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്
ഇരു ഗ്രൂപ്പുകളുടെയും ഗ്രാമങ്ങളെ പ്രതിരോധ ഗ്രൂപ്പുകളുടെ തലവന്മാർ തമ്മിലാണ് ഏറ്റുമുട്ടിയത്. മൊയ്റങ് ടൂറല്‍ മപനിലുണ്ടായ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സംഭവത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ചുരാചന്ദ്പൂർ എസ്പി വ്യക്തമാക്കി. ബിഷ്ണുപുരിൽ ആക്രമണത്തിൽ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചെങ്കിലും സ്ഥിതിഗതികളിൽ മാറ്റമില്ലാതെ തുടരുകയാണ്. മെയ് 3ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തില്‍, മലയോര ജില്ലകളിൽ താമസിക്കുന്ന ഗോത്രവർഗക്കാരായ കുക്കികളും ഇംഫാൽ താഴ്വരയിലെ പ്രബല സമുദായമായ മെയ്തികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ചുരചന്ദ്പൂരില്‍ മെയ്തി വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകിക്കൊണ്ടുള്ള മെട്രിക്സിൽ നിർദ്ദിഷ്ട ഭേദഗതിക്കെതിരെ കുക്കി ഗ്രൂപ്പുകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഇംഫാൽ വെസ്റ്റിലെ ഒരു സ്കൂളിന് സമീപം അജ്ഞാതർ ഒരു സ്ത്രീയെ കൊലപ്പെടുത്തിയത് പുതിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിരുന്നു.
കലാപ സാഹചര്യം സംബന്ധിച്ച് പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ, ക്രമസമാധാനപാലനം, ആയുധങ്ങൾ പിടിച്ചെടുക്കൽ, പുനരധിവാസം, ക്യാമ്പുകളിലെ വിശദാംശങ്ങൾ, സുരക്ഷിത സ്ഥാനം തേടി സംസ്ഥാനം വിട്ടവർ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാകണം റിപ്പോർട്ടെന്ന് കോടതി നിർദേശിച്ചിരുന്നു. ജൂലൈ 10ന് കോടതി വീണ്ടും വിഷയം പരിഗണിക്കും.