ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ മരണം: ഒരു മാസത്തിന് ശേഷം ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ മരണം: ഒരു മാസത്തിന് ശേഷം ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ഫെബ്രുവരി 12 നാണ് കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്
Updated on
2 min read

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത് ഒരു മാസത്തിന് ശേഷം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്. മരിച്ച വിദ്യാർഥിയുടെ ഹോസ്റ്റല്‍ മുറിയിൽ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ മരണത്തിന് ഉത്തരവാദിയായി ഒരു സഹപാഠിയുടെ പേര് പരാമർശിക്കുന്നതായും പോലീസ് പറയുന്നു. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല എന്നായിരുന്നു പോലീസിന്റെ അന്നത്തെ പ്രതികരണം. ക്യാമ്പസിലെ ദളിത് വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. 

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ മരണം: ഒരു മാസത്തിന് ശേഷം ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; ജാതി വിവേചനം നേരിട്ടതിന് തെളിവില്ലെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്

"അർമാൻ എന്നെ കൊന്നു" എന്നാണ് കുറിപ്പില്‍ പറയുന്നതെന്നും ഉദ്യോഗസ്ഥർ

സംഭവം നടന്ന് ഏകദേശം ഒരു മാസത്തിനുശേഷം, കേസന്വേഷണം പോലീസിൽ നിന്ന് മാറ്റി ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ച ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അവകാശപ്പെടുന്നത്. "അർമാൻ എന്നെ കൊന്നു" എന്നാണ് കുറിപ്പില്‍ പറയുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. അർമാൻ ഇക്ബാൽ ഖത്രി സോളങ്കിയുടെ സഹപാഠിയാണെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികൾക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ മരണം: ഒരു മാസത്തിന് ശേഷം ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി മരിച്ച നിലയിൽ , ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ; ജാതി വിവേചനം മൂലമെന്ന് ആരോപണം

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദർശൻ മൂന്ന് മാസം മുൻപാണ് ഐഐടി ബോംബെയിൽ ചേർന്നത്. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബോംബെ ഐഐടി നിയോഗിച്ച അന്വേഷണ കമ്മിറ്റി ജാതി വിവേചനത്തിന് തെളിവുകളില്ലെന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അക്കാദമിക് പ്രകടനം മോശമായതാകാം ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ നന്ദ് കിഷോറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയാണ് അന്വേഷണം നടത്തിയത്. മാർച്ച് 2 ന് കമ്മിറ്റി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ മരണം: ഒരു മാസത്തിന് ശേഷം ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ബോംബെ ഐഐടിയിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ദർശൻ സോളങ്കിയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു

ഫെബ്രുവരി 12 ന് സോളങ്കി തന്റെ സുഹൃത്തുക്കളോടൊപ്പം ഷോപ്പിങിന് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിനായി പിതാവ് അവന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തെ ഫോണിൽ വിളിച്ചതിന് ശേഷവും ആത്മഹത്യയ്ക്ക് മുൻപും എന്താണ് സംഭവിച്ചതെന്ന് സമിതിക്ക് ഒരു വിവരവുമില്ല. കോൾ വിശദാംശങ്ങളും ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ ഫോറൻസിക് വിശകലനം, ദർശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അഭാവത്തിൽ, ആത്മഹത്യയിലേക്ക് നയിച്ചതെന്താണെന്ന അന്തിമ നിഗമനത്തിലെത്താൻ കമ്മിറ്റിക്ക് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദർശൻ സോളങ്കിയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ ജീവനൊടുക്കാൻ നിർബന്ധിതരാകുന്ന തരത്തിൽ നമ്മുടെ സ്ഥാപനങ്ങൾക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് അദ്ദേഹം ചോദിച്ചു.

നേരത്തേ ദർശന്റെ മരണത്തിന് സമാനമായി ആന്ധ്രാപ്രദേശിലെ ഐഐഐടി ആർകെ വാലിയിൽ അഖില എന്ന 22കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അഖിലയുടേതും ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണ്. 2014-2021 കാലയളവിൽ ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 122 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി 2021ൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in