പകർപ്പാവകാശ ലംഘനം; കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കും

പകർപ്പാവകാശ ലംഘനം; കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കും

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ് രണ്ടാം ഭാഗത്തിലെ ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിലാണ് നടപടി
Updated on
1 min read

കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലുകൾ മരവിപ്പിക്കും. പകർപ്പാവകാശ ലംഘന കേസിൽ ബെം​ഗളൂരു കോടതിയുടേതാണ് നടപടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔ​ദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടും ഭാരത് ജോഡോ യാത്രയുടെ അക്കൗണ്ടും താൽക്കാലികമായി ബ്ലോക്ക് ചെയ്യാനാണ് കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ് രണ്ടാം ഭാഗത്തിന്‍റെ ഗാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിനാണ് നടപടി. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് പരാതി നല്‍കിയത്.

കോൺഗ്രസിന്റെ ഔ​ദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യാനും കോടതി ട്വിറ്ററിനോട് നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് വിലക്ക്.

എംആര്‍ടി മ്യൂസിക്കാണ് പരാതിയുടെ അടിസ്ഥാനത്തിൽ രാഹുല്‍ ഗാന്ധിക്കും, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ തങ്ങള്‍ കോടികളാണ് ചെലവഴിച്ചതെന്ന് കമ്പനി പരാതില്‍ പറഞ്ഞു. അതിനാല്‍ തന്നെ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സിവില്‍, ക്രിമിനല്‍ നിയമ ലംഘനത്തിന് ബാധ്യസ്ഥരാണെന്നും കമ്പനി വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ചിത്രത്തിലെ ഗാനങ്ങള്‍ സമന്വയിപ്പിച്ച് ഒരൊറ്റ ഗാനമായാണ് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in