അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രം പരിശോധിക്കുന്നു; കമ്പനികാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളുമടക്കം പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി നിയമത്തിന്റെ 206-ാം വകുപ്പ് പ്രകാരമാണ് പ്രാഥമിക പരിശോധന. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തിരിച്ചടികള്‍ നേരിട്ട അദാനി ഗ്രൂപ്പിനെതിരെ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്തുന്നത്. റോയിട്ടേഴ്സിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഫെബ്രുവരി രണ്ടിന് പരിശോധനാ നടപടികള്‍ ആരംഭിച്ചതായാണ് സൂചന. അക്കൗണ്ട് ബുക്കുകള്‍, ബാലന്‍ ഷീറ്റുകള്‍, കടപ്പത്രങ്ങള്‍ എന്നിങ്ങനെയുള്ള സാമ്പത്തിക രേഖകളെല്ലാം അവലോകനം ചെയ്യുമെന്നാണ് അറിയാനാകുന്നത്. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഭരണരീതികളെ പറ്റിയും പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ വിവിധ മീറ്റിങ്ങുകളുടെ മിനുട്ട്സ് അടക്കമുള്ള രേഖകളും കമ്പനികാര്യ മന്ത്രായലയം തേടിയതായാണ് വിവരം.
അതിനിടെ ഇന്ത്യന്‍ ഓഹരിവിപണി നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. അദാനിയുടെ പേരോ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ചോ പരാമര്‍ശിക്കാതെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഐസിയില്‍ നിന്നും എസ്ബിഐയില്‍ നിന്നും വിശദീകരണം തേടിയതായാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ബാങ്കിങ് മേഖല സുരക്ഷിതമായ തലത്തിലാണെന്നും സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിശദീകരിക്കുന്നു.
അദാനി ഓഹരികളുടെ തകർച്ചയും പ്രതിസന്ധിയും രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്കും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്കിങ് മേഖല സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആർബിഐ വ്യക്തമാക്കി. ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പകളുടെ വിശദാംശങ്ങളടക്കം പരിശോധിച്ചു. മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, ലാഭക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും പരിശോധിച്ചു. എല്ലാ മാർഗനിർദേശങ്ങളും ബാങ്കുകൾ കൃത്യമായി പാലിക്കുന്നുണ്ട്. ബാങ്കുകളുടെ മേലുള്ള നിരീക്ഷണവും ജാഗ്രതയും തുടരുകയാണെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ പേര് പരാമർശിക്കാതെയാണ് പ്രതികരണം. ഒരു ബിസിനസ് കമ്പനിയുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളെ കുറിച്ച് ആശങ്കയുളവാക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രതികരിക്കുന്നതെന്നാണ് വിശദീകരണം