ബ്രിജ്ഭൂഷണെതിരായ ബലാത്സംഗക്കേസ്: മൊഴി നല്‍കേണ്ടവരുടെ സുരക്ഷ പിന്‍വലിച്ച് ഡല്‍ഹി പോലീസ്, ഇടപെട്ട് കോടതി
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വീണ്ടും ഇരട്ടത്താപ്പ് കാട്ടി ഡല്‍ഹി പോലീസ്. ബ്രിജ്ഭൂഷണെതിരേ മൊഴി നല്‍കാന്‍ തയാറെടുക്കുന്ന ആറ് വനിതാ ഗുസ്തി താരങ്ങള്‍ക്ക് നല്‍കിവന്ന സുരക്ഷ പോലീസ് പിന്‍വലിച്ചു. ഇന്ത്യന്‍ ഗുസ്തിയിലെ സൂപ്പര്‍ താരം വിനേഷ് ഫോഗാട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വനിതാ താരങ്ങള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ച് അവരെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ പോലീസ് ശ്രമിക്കുകയാണെന്നും മൊഴി നല്‍കാന്‍ എത്തിയാല്‍ താരങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള സാഹചര്യം ഒരുക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്യുന്നതെന്നും വിനേഷ് ആരോപിച്ചു.
സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി കോടതി പോലീസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ഉടന്‍ തന്നെ താരങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ താരങ്ങള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കരുതെന്നും കോടതി ഡല്‍ഹി പോലീസിന് താക്കീത് നല്‍കി.
സുരക്ഷ പുനഃസ്ഥാപിച്ചതിനു പുറമേ താരങ്ങള്‍ക്കു നല്‍കി വന്ന സുരക്ഷ പിന്‍വലിക്കാനുള്ള സാഹചര്യവും കാരണങ്ങളും വിശദീകരിച്ചു സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനും ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ വിചാരണ നടക്കുന്ന അടുത്ത ദിവസം കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.