ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; നാല് മാസത്തിൽ പ്രതിദിനം ഏറ്റവും ഉയർന്ന കണക്ക്; കൂടുതല്‍ കേരളത്തില്‍
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 843 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനുള്ളിൽ ഇതാദ്യമാണ് പ്രതിദിനം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,839 ആയി ഉയർന്നു. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,02,591 സാമ്പിളുകളാണ് പരിശോധിച്ചത്. 476 പേർ രോഗമുക്തി നേടി.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1665 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 1029ഉം, കർണാടകയിൽ 584ഉം, ഗുജറാത്തിൽ 521ഉം, തമിഴ്നാട്ടിൽ 304ഉം, തെലുങ്കാനയിൽ 268ഉം, ഡൽഹിയിൽ 148ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യവ്യാപകമായി നടത്തുന്ന വാക്‌സിനേഷൻ ഡ്രൈവിൽ 220.64 കോടി ഡോസ് കോവിഡ് വാക്‌സിനാണ് നൽകിയിരിക്കുന്നത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആറ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളോടാണ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശിച്ചത്. കോവിഡ് സാഹചര്യം സൂക്ഷ്മമായി പരിശോധിക്കണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.