ഭാരത് ബയോടെക് നേസല്‍ വാക്‌സിന് വില 800 രൂപയ്ക്ക് മുകളിൽ, ഒരു വാക്‌സിന്‍ രണ്ട് പേര്‍ക്ക് ഉപയോഗിക്കാം
ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ വില പുറത്തുവിട്ടു. സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വാക്‌സിന്റെ വില. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാക്സിന്‍ വലിയ അളവിൽ സംഭരിക്കുമ്പോൾ ഡോസിന് 325രൂപ നിരക്കില്‍ ലഭ്യമാകും. ജനുവരി അവസാന വാരമാണ് നേസൽ വാക്സിന്‍ പുറത്തിറക്കുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇൻകോവാക് (iNCOVACC) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്സിനാണ് ഇൻകോവാക്.
കോവിഷീൽഡ്, കോവാക്സിൻ എന്നിവ സ്വീകരിച്ച, 18 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ഈ മാസം ആദ്യമാണ് ഭാരത് ബയോടെകിന്റെ നേസല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള അനുമതി കേന്ദ്ര ഡ്രഗ് റെഗുലേറ്ററിയില്‍ നിന്ന് ലഭിക്കുന്നത്. നേസല്‍ സംവിധാനം പല രാജ്യങ്ങളിലും ചെലവ് കുറഞ്ഞ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും ഭാരത് ബയോടെക് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.
പ്രാഥമിക 2-ഡോസ് ഷെഡ്യൂളിന് അംഗീകാരം ലഭിക്കുന്ന ലോകത്തെ ആദ്യ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ആണിത്.
വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവാക്‌സ്, റഷ്യന്‍ സ്പുട്‌നിക് വി, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്‌സ് വാക്‌സിന്‍ എന്നിവ കോവിന്‍ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.