പശുക്കളെ റോഡിലിറക്കി പ്രതിഷേധിക്കുന്നു
പശുക്കളെ റോഡിലിറക്കി പ്രതിഷേധിക്കുന്നു

പശു സംരക്ഷണ കേന്ദ്രത്തിന് ഗ്രാന്റ് നല്‍കിയില്ല; പ്രതിഷേധത്തിന് 'തെരുവിലിറങ്ങിയത്' ആയിരത്തോളം പശുക്കള്‍

ഗുജറാത്ത് സര്‍ക്കാരിനെതിരെ ഇരുന്നൂറിലധികം ട്രസ്റ്റികളാണ് പശുക്കളെ റോഡിലേക്ക് ഇറക്കി വിട്ട് പ്രതിഷേധിച്ചത്
Updated on
1 min read

പശുസംരക്ഷണ കേന്ദ്രത്തിന് നല്‍കാമെന്നേറ്റ ഗ്രാന്റ് നല്‍കാത്തതില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പശുസംരക്ഷണകേന്ദ്രം ട്രസ്റ്റികള്‍. ഇരുന്നൂറിലധികം ട്രസ്റ്റികളാണ് ആയിരക്കണക്കിന് പശുക്കളെ റോഡിലേക്ക് ഇറക്കി വിട്ട് പ്രതിഷേധിച്ചത്. ഇതോടെ വടക്കന്‍ ഗുജറാത്ത് ഹൈവേകളിലെ ഗതാഗതം കഴിഞ്ഞ ദിവസം നിര്‍ത്തി വെക്കേണ്ടി വന്നു.

2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ പശുസംരക്ഷണ കേന്ദ്രത്തിന് 500 കോടി രൂപയാണ് സാമ്പത്തിക സഹായമായി നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് നല്‍കാതിരുന്നതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. കഴിഞ്ഞ 15 ദിവസമായി ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റികള്‍ പ്രതിഷേധത്തിലായിരുന്നുവെന്ന് ക്ഷീര കര്‍ഷകനായ കിഷോര്‍ ദവെ പറഞ്ഞു. പ്രതിഷേധത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് പശുക്കളെ റോഡിലിറക്കി പ്രതിഷേധിച്ചതെന്നും കിഷോര്‍ ദവെ വ്യക്തമാക്കി.

നാലര ലക്ഷം പശുക്കളെ സംരക്ഷിക്കുന്ന 1500 ഓളം സംരക്ഷണ കേന്ദ്രങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്. ബാനസ്‌കന്തയില്‍ മാത്രം 80,000 പശുക്കള്‍ 170 കേന്ദ്രങ്ങളിലായി കഴിയുന്നുണ്ട്. കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന് ദിവസവും ഒന്നിന് 60 മുതല്‍ 70 രൂപ വരെയാണ് ചെലവ് വരുന്നത്. കോവിഡിന് ശേഷം ആവശ്യത്തിന് ധനസഹായം കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇനിയും ഫണ്ട് അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് സമരക്കാര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in