കർണാടക തിരഞ്ഞെടുപ്പ്: ഏഴ് സീറ്റിൽ  മത്സരിക്കാൻ സിപിഐ, ബാഗേപള്ളിയിൽ പിന്തുണ സിപിഎമ്മിന്, മറ്റിടങ്ങളിൽ കോൺഗ്രസിനൊപ്പം

കർണാടക തിരഞ്ഞെടുപ്പ്: ഏഴ് സീറ്റിൽ മത്സരിക്കാൻ സിപിഐ, ബാഗേപള്ളിയിൽ പിന്തുണ സിപിഎമ്മിന്, മറ്റിടങ്ങളിൽ കോൺഗ്രസിനൊപ്പം

1989 ന് ശേഷം മത്സരിച്ച സീറ്റുകളിൽ ഒന്നും സിപിഐയ്ക്ക് വിജയമുണ്ടായില്ല.
Updated on
2 min read

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചതായി സിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു. കോലാറിലെ കെജിഎഫ്, തുംകുരുവിലെ ഷിറ, കൽബുർഗിയിലെ ജീവർഗി, അലന്ത്, ചിക്കമഗളൂരു ജില്ലയിലെ മുദിഗരെ വിജയനഗര ജില്ലയിലെ കുഡ്ലിഗി, കുടഗ് ജില്ലയിലെ മടിക്കേരി എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മാറ്റുരക്കുക. അതേസമയം, സിപിഎം മത്സരിക്കുന്ന ബാഗ്ഗേപള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും കർണാടക സിപിഐ അറിയിച്ചു. കർണാടകയിലെ ബാക്കി മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്നതായും പാർട്ടി സെക്രട്ടറി സാത്തി സുന്ദരേശ് ‌ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

പിളർപ്പിന് ശേഷം 1983ൽ മൂന്ന് സീറ്റിൽ വിജയിച്ചതാണ് സിപിഐയുടെ സംസ്ഥാനത്തെ ഏറ്റവും തിളക്കമാർന്ന തിരഞ്ഞെടുപ്പ് പ്രകടനം

കർണാടക നിയമസഭയിൽ ഇക്കുറി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ സിപിഐ. പിളർപ്പിന് മുൻപ് 1952 ൽ മൈസൂർ സ്റ്റേറ്റ് നിയമസഭാ തിരഞ്ഞെടുപ്പിൽ കെജിഎഫ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎ ആയി സഭയിലെത്തിയത് തൊഴിലാളി നേതാവ് കെ എസ് വാസൻ ആയിരുന്നു. തുടർന്ന് പിളർപ്പിന് ശേഷം 1983ൽ മൂന്ന് സീറ്റിൽ വിജയിച്ചതാണ് സിപിഐയുടെ സംസ്ഥാനത്തെ ഏറ്റവും തിളക്കമാർന്ന തിരഞ്ഞെടുപ്പ് പ്രകടനം. എന്നാൽ 1989 മുതൽ മത്സരിച്ച സീറ്റുകളിൽ ഒന്നും സിപിഐയ്ക്ക് വിജയമുണ്ടായില്ല. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും അവസാന നിമിഷം രണ്ട് സീറ്റിൽ മാത്രം മത്സരം ഒതുക്കി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു. അന്നും ബാഗേപള്ളിയിൽ സിപിഐ, സിപിഎമ്മിനെയാണ് പിന്തുണച്ചത്.

സിപിഐയുടെ തൊഴിലാളി യൂണിയനായ എഐടിയുസിക്ക് വേരോട്ടമുള്ള മണ്ണാണ് കർണാടക. സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും കോലാർ ഗോൾഡ് ഫീൽഡിലെ പഴയ ഖനിത്തൊഴിലാളികകളുടെ കേന്ദ്ര വിരുദ്ധ സമരവുമൊക്കെ വോട്ടിങ്ങിൽ അനുകൂലമായേക്കുമെന്നാണ് കണക്കുകൂട്ടൽ. ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്നകറ്റാനാണ് കോൺഗ്രസിനെ കർണാടകയിൽ പിന്തുണയ്ക്കുന്നത്. ആറ് മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ പിന്തുണ അഭ്യർഥിച്ച് പാർട്ടി സെക്രട്ടറി നേരത്തെ എഐസിസിക്ക് കത്തയച്ചിരുന്നു. ബാഗേപള്ളിയിൽ സിപിഎമ്മിനെ സഹായിക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ തിരിച്ച് സഹായം പ്രതീക്ഷിച്ചാണെന്നും സിപിഐ വ്യക്തമാക്കി. സിപിഐയ്ക്ക് പ്രതീക്ഷയുള്ള കെജിഎഫിൽ സിപിഎം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട് .

കർണാടകയിൽ ബാഗേപള്ളി ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ബാഗേപള്ളി, കെജിഎഫ് ,കെആർ പുര, കനകഗിരി, കൽബുർഗി റൂറൽ എന്നിവയാണ് മണ്ഡലങ്ങൾ. കഴിഞ്ഞ തവണ 19 സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ബാഗേപള്ളിയിൽ രണ്ടാം സ്ഥാനത്ത് വന്നതൊഴിച്ചാൽ കർണാടകയിൽ സിപിഐഎമ്മിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

logo
The Fourth
www.thefourthnews.in