ഡി രാജ
ഡി രാജ

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നു; ഗവർണർ പദവി എടുത്തുകളയണമെന്ന് ഡി രാജ

കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ ബിജെപിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്നു
Updated on
1 min read

ഗവർണർ പദവി നിർത്തലാക്കണമെന്ന് സിപിഐ. ഗവർണർമാർ അവരുടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാൻ ജനാധിപത്യ ശക്തികൾ ഒരുമിച്ച് അണിനിരക്കണമെന്നും സിപിഐ ദേശീയ നിർവാഹക സമിതി ആഹ്വാനം ചെയ്തു. ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 29ന് സിപിഐ രാജ്യവ്യാപകമായി ‘ഡിഫെൻഡ് ഫെഡറലിസം ദിനം’ ആചരിക്കും.

ഗവർണർമാർ ഭരണഘടനാ പ്രതിനിധികളായി പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗവർണറുടെ ഓഫീസ് ബിജെപിയുടെ ക്യാമ്പ് ഓഫീസുകളായി പ്രവർത്തിക്കാൻ അനുവദിക്കില്ല

ഭരണഘടനാ അടിത്തറ തകർക്കാനുള്ള "ആർഎസ്എസ് നിയന്ത്രിത" സർക്കാരിന്റെ നീക്കത്തെക്കുറിച്ച് പാർട്ടി രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡി രാജ പറഞ്ഞു "ഭരണകൂടത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിനിധികളായി ഗവർണർമാർ പ്രവർത്തിക്കുന്നു. അത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. പാർലമെൻററി സംവിധാനത്തിൽ നമുക്ക് ഗവർണർമാരെ ആവശ്യമില്ല. ഗവർണർമാർ ഭരണഘടനാ പ്രതിനിധികളായി പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗവർണറുടെ ഓഫീസ് ബിജെപിയുടെ ക്യാമ്പ് ഓഫീസുകളായി പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ഒരു ഗവർണറുടെ ആവശ്യം എന്താണ്? ഗവർണർ സ്ഥാനം നിർത്തലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടേണ്ട സമയമാണിതെന്ന് പാർട്ടി കരുതുന്നു" -ഡി രാജ പറഞ്ഞു. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ ബിജെപിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 7 ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള സാധാരണക്കാരുടെ വിഷയങ്ങൾ ഇരുസഭകളിലും ഉയർത്തും

ഡിസംബർ 29 ന് രാജ്ഭവനിലേക്കുള്ള മാർച്ചുകൾ ഉൾപ്പടെ സംസ്ഥാനങ്ങളിൽ വിവിധ രൂപത്തിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ ഗവർണർമാരെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളും ഡി രാജ പരാമർശിച്ചു. ബിജെപിയും - ആർഎസ്എസും ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസംബർ 7 ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള സാധാരണക്കാരുടെ വിഷയങ്ങൾ ഇരുസഭകളിലും ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in