ആദ്യം ബംഗാള്‍, പിന്നെ ത്രിപുര; മുഖ്യശത്രുവില്‍ നിന്ന് ആപത്തുകാലത്തെ സഹായി: സിപിഎം കോണ്‍ഗ്രസ് ബന്ധത്തിലെ പരിണാമങ്ങള്‍!
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്തു. അടുത്ത മാസമോ, മാര്‍ച്ചിലോ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോരാടും എന്നതായിരുന്നു തീരുമാനം. ഒന്നര പതിറ്റാണ്ടുമുൻപ് വരെ സിപിഎമ്മിന്റെ മുഖ്യശത്രുക്കളിലൊന്നായിരുന്ന കോണ്‍ഗ്രസുമായാണ്, ഒരിക്കല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിന് പുറമെ ത്രിപുരയിലും പാര്‍ട്ടി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്നു അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കോണ്‍ഗ്രസിനെ സംബന്ധിച്ച് മുഖ്യശത്രുവില്‍നിന്ന് ആപത്തുകാലത്ത് വിശ്വസിക്കാവുന്ന പാര്‍ട്ടിയായുള്ള സിപിഎമ്മിന്റെ പരിണാമം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്നു അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നെഹ്റുവിന്റെത് പൊതുവില്‍ സോഷ്യലിസ്റ്റ് അനുകൂല നിലപാടായിരുന്നിട്ടും, അഭ്യന്തര രംഗത്ത് അദ്ദേഹത്തിന്റെ നിലപാടുകളിലെ വര്‍ഗാഭിമുഖ്യം ചൂണ്ടിക്കാട്ടി സിപിഐ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ കമ്മ്യൂണിസ്റ്റുകാരില്‍ ചിലര്‍ അന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏറ്റവും കടുത്ത എതിരാളികളായി. അതിന് മുമ്പ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കി കൊണ്ട് കോണ്‍ഗ്രസ് തങ്ങളുടെ എതിരാളികളെ നേരിട്ടു.
ഇന്ത്യന്‍ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷവും, കേരളത്തിന് പുറമെ മറ്റ് ചില സംസ്ഥാനങ്ങളിലും സ്വാധീനവും, ഇന്ത്യയിലെ അക്കാദമി ബുദ്ധീജിവികളില്‍ വലിയ സ്വാധീനവുമുള്ള പ്രസ്ഥാനം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര എതിരാളികളായി. എന്നാല്‍ അതേസമയം കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ സിപിഐയില്‍ ഭിന്ന ചിന്തകള്‍ ഉടലെടുത്തു. കോണ്‍ഗ്രസില്‍ പുരോഗമന സ്വഭാവം കണ്ടെത്തിയ ഒരു വിഭാഗം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ടായിരുന്നു. ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ കാരണങ്ങളില്‍ ഒന്നായി കോണ്‍ഗ്രസിനോടുള്ള സമീപനം മാറി. മാതൃ സംഘടന കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രബല വിഭാഗം കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ട് മുന്നോട്ടുപോയി.
ഭരണഘടന മരവിപ്പിച്ച് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലായി. കോണ്‍ഗ്രസിനെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തിയപ്പോള്‍ അതിലും പാര്‍ട്ടിയില്‍ ഭിന്ന സ്വരങ്ങള്‍ ഉടലെടുത്തു. സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു പി സുന്ദരയ്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.
കോണ്‍ഗ്രസിന് പിന്നീട് തിരിച്ചടി നേരിട്ട സമയത്ത് ആ പാര്‍ട്ടിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലും സിപിഎം നേതൃപരമായ പങ്കു വഹിച്ചു. ഹര്‍കിഷന്‍ സിങ് സുര്‍ജ്ജിത് എന്ന ജനറല്‍ സെക്രട്ടറി പ്രാദേശിക പാര്‍ട്ടികളെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളെയും കൂടെ നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇതിന് പകരമായി ജ്യോതിബസുവെന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന് ഐക്യ പ്രതിപക്ഷം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തപ്പോള്‍ ചരിത്രപരമായ വങ്കത്തം' എന്ന് പിന്നീട് ജ്യോതി ബസു തന്നെ വിശേഷിപ്പിച്ച തീരുമാനത്തിലൂടെ അത് വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
2004 ല്‍ യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് ഇടതുപക്ഷം വഹിച്ചു.
എന്നാല്‍ പിന്നീട് പതുക്കെ ചിത്രം മാറിവരികയായിരുന്നു. ഹിന്ദു വര്‍ഗീയതയുടെ രഥയാത്രയില്‍ ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ സ്ഥാനത്തേക്ക് വന്നു. കോണ്‍ഗ്രസ് ദുര്‍ബലമായി തുടങ്ങി. മുഖ്യശത്രുവാരെന്ന് ചോദ്യത്തിന് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ അവ്യക്തമായും ഡല്‍ഹിയില്‍ ബിജെപിയെന്നും നേതാക്കള്‍ പറഞ്ഞു. 2004 ല്‍ യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് ഇടതുപക്ഷം വഹിച്ചു. സിപിഎമ്മിന് 43 സീറ്റുകളും സിപിഐയ്ക്ക് 10 സീറ്റും അന്ന് ലഭിച്ചു. ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തേക്കുള്ള ഇടതുപക്ഷത്തിന്റെ ആദ്യ കയറ്റമായിരുന്നു അത്.
യുപിഎയുടെ നയങ്ങളില്‍ പ്രധാന സ്വാധീന ശക്തിയായി ഇടതുപക്ഷം മാറി. അന്നും ബംഗാള്‍, കേരളം ത്രിപുര എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ മുഖ്യശത്രുവായി കോണ്‍ഗ്രസ് തുടര്‍ന്നു. 2008 അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചു. ആ വെല്ലുവിളി കോണ്‍ഗ്രസ് അതിജീവിച്ചു. 2009 ല്‍ വീണ്ടും അധികാരത്തിലെത്തി.
2004 ല്‍ യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് ഇടതുപക്ഷം വഹിച്ചു. സിപിഎമ്മിന് 43 സീറ്റുകളും സിപിഐയ്ക്ക് 10 സീറ്റും അന്ന് ലഭിച്ചു. ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തേക്കുള്ള ഇടതുപക്ഷത്തിന്റെ ആദ്യ കയറ്റമായിരുന്നു അത്. യുപിഎയുടെ നയങ്ങളില്‍ പ്രധാന സ്വാധീന ശക്തിയായി ഇടതുപക്ഷം മാറി.
എന്നാല്‍, ഇതോടെ ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ഇടക്കാലത്തുണ്ടായ പ്രാമുഖ്യം അവസാനിച്ചു. നവലിബറല്‍ നയങ്ങള്‍ പിന്തുടരുകയല്ലാതെ ഭരിക്കുന്ന സ്ഥലങ്ങളില്‍ മാര്‍ഗമില്ലെന്ന് കരുതി അത് പിന്തുടര്‍ന്നത് ബംഗാളില്‍ തിരിച്ചടിയായി. 33 വര്‍ഷത്തിന് ശേഷം അധികാരം നഷ്ടപ്പെട്ടു. കാര്യമായ ഒരു ബദല്‍ നയവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പിന്നീട് തെളിയുകയും ചെയ്തു. ബംഗാളിലെ സിപിഎം പ്രവര്‍ത്തകര്‍ ത്രിണമൂല്‍ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടു. അവര്‍ ബിജെപിയില്‍ അഭയം തേടി. ഒരു കാലത്തെ മുഖ്യശത്രുവായ കോണ്‍ഗ്രസ് പന്നീട് അവിടെ കൂട്ടാളികളായി.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തെറ്റായി പോയെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പക്ഷെ സഖ്യം പല പേരുകളില്‍ ആവര്‍ത്തിച്ചു. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിലെ ഘടകം എതിര്‍പ്പുമായി രംഗത്തെത്തി. കേരളത്തിലെ പാര്‍ട്ടിയെ, മറ്റിടങ്ങളിലുണ്ടാക്കുന്ന കോണ്‍ഗ്രസ് ബന്ധം ആശയക്കുഴപ്പത്തിലാക്കുമെന്ന ആശയക്കുഴപ്പം മായിരുന്നു കേരള ഘടകത്തിന്റെ പ്രശ്നം. ആ പ്രശ്നം. അതിപ്പോഴും തുടരുന്നു.
സമീപകാലത്ത് അത് കൂടുതല്‍ പ്രതിഫലിച്ചത് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍തകിയ ഭാരത് ജോഡോ യാത്രയുടെ സമയത്താണ്. കേരളത്തിലൂടെ യാത്ര പോയപ്പോള്‍ ഏറ്റവും കൂടുതല്‍ അതിനെ രാഷ്ട്രീയമായി എതിര്‍ത്തത് സിപിഎമ്മായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ പ്രതീക്ഷയോടെ നോക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലായാണ് യാത്രയെ കണ്ടത്. പാര്‍ട്ടിയുടെ അവശിഷ്ട സ്വാധീന പ്രദേശമായ കേരളത്തില്‍ സിപിഎമ്മിന്റെ ദേശീയ കാഴ്ചപാട് കോണ്‍ഗ്രസ് വിരുദ്ധതയുടെ ചുറ്റം കറങ്ങികൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലെല്ലാം കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പാര്‍ട്ടി അതേ പോലെ നിലനിര്‍ത്തി.
മൂന്ന് വര്‍ഷം കൂടുമ്പോഴുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളിലെടുക്കുന്ന തീരുമാനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള സമീപനങ്ങളില്‍ മാത്രമായി മാധ്യമ ശ്രദ്ധ. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിമര്‍ശിച്ചിട്ടും പിന്നീടും സഖ്യം തുടര്‍ന്നു. ബംഗാളില്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും സഖ്യം തുടര്‍ന്നു ഇതിനിടയിലാണ് 2018 ല്‍ ത്രിപുരയിലും അധികാരത്തില്‍നിന്ന് പുറത്തായത്. എന്നാല്‍ തിരിച്ചുവരവിന് ഒരു സാധ്യത അവിടെ അവശേഷിക്കുന്നുണ്ടെന്ന് തോന്നലാണ് ഇപ്പോള്‍ സിപിഎം നേതൃത്വത്തിനുള്ളത്. ബിജെപിയിലെ പ്രശ്നങ്ങള്‍ പരമാവധി മുതലെടുക്കാമെന്നും സിപിഎം കണക്കൂകൂട്ടുന്നു.
കോണ്‍ഗ്രസ്- സിപിഎം ബന്ധത്തിന് ബംഗാളിലെ അനുഭവം ഉണ്ടാകുമോ, അതോ ബിജെപിയെ തളയ്ക്കാന്‍ പര്യാപ്തമാകുമോ എന്ന് കണ്ടറിയേണ്ടതാണ്. സിപിഎമ്മിന്റെ സഖ്യ മനോഭാവത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അതിജീവനത്തിന് ശ്രമിക്കുന്ന ആ പാര്‍ട്ടിക്ക് അതില്‍ അസ്വീകാര്യമായി ഒന്നും ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ഏതായാലും മുഖ്യശത്രുവില്‍നിന്ന് ആപത്തുകാലത്തെ ആശ്രിതന്‍ എന്ന നിലയിലേക്ക് കോണ്‍ഗ്രസിനോടുള്ള സമീപനം സിപിഎം മാറിയത്, കഴിഞ്ഞ എട്ട് പതിറ്റാണ്ടുകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന മാറ്റത്തെ പ്രതീകവത്ക്കരിക്കുന്നുവെന്ന് പറയാം.