കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?

കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?

ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎമ്മിന്‌റെ കോണ്‍ഗ്രസ് പരീക്ഷണം പരാജയപ്പെടുന്നത് ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കും.
Updated on
2 min read

തുടര്‍ച്ചയായി 25 വര്‍ഷം ശക്തരായ എതിരാളികള്‍ പോലുമില്ലാതെ ത്രിപുര ഭരിച്ച സിപിഎമ്മിന്, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഷോക്ക് ട്രീറ്റ്‌മെന്‌റായിരുന്നു. സംസ്ഥാനത്ത് കാര്യമായ മേല്‍വിലാസം പോലുമില്ലാതിരുന്ന ബിജെപി, മത്സരിച്ച 51ല്‍ 36 ഇടത്തും വിജയിച്ച് അധികാരം പിടിച്ചെടുത്തു. ഇന്‍ഡീജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി കൈകോര്‍ത്തായിരുന്നു ബിജെപിയുടെ വിജയം. ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താമെന്ന ആത്മവിശ്വാസത്തില്‍ പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണിക്ക്, കൈയിലുള്ളത് കൂടി പോയെന്ന സ്ഥിതിയാണ്. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനവും സഖ്യസാധ്യതയുമെല്ലാം എന്നും തര്‍ക്ക വിഷയമായ സിപിഎമ്മില്‍, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുന്ന ആന്തരിക സംഘര്‍ഷം ചെറുതാകില്ല. ദേശീയ തലത്തില്‍ ബിജെപി ഇതര വിശാല പ്രതിപക്ഷ മുന്നേറ്റമെന്ന ആശയം ശക്തി പ്രാപിക്കുമ്പോഴാണ്, ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎമ്മിന്‌റെ കോണ്‍ഗ്രസ് പരീക്ഷണം പരാജയപ്പെടുന്നതെന്നതും ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കും.

കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?
തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം

2018 ല്‍ 60ല്‍ 57 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. 16 ഇടത്ത് വിജയിച്ചു. 42.44 ശതമാനം വോട്ടും സിപിഎം സ്വന്തമാക്കി. 51 മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപി 35 ഇടത്ത് വിജയിച്ചു. വോട്ട് ഷെയര്‍ 43.59 ശതമാനം. 59 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസിന് നിയമസഭയില്‍ പ്രതിനിധിയുണ്ടായിരുന്നില്ല. ലഭിച്ചത് 1.79 ശതമാനം വോട്ട്. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒന്‍പത് മണ്ഡലങ്ങളില്‍ മത്സരിക്കുകയും എട്ടിടത്ത് വിജയിക്കുകയും ചെയ്തു. 7.38 ശതമാനം വോട്ടും പാര്‍ട്ടി നേടി.

കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?
ഹിന്ദുത്വ പാർട്ടിയായ ബിജെപി, ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർ വിജയം നേടുന്നതെങ്ങനെ?

തിപ്രാമോത പാര്‍ട്ടിയുടെ കടന്നുവരവ് ഇത്തവണ ത്രിപുര രാഷ്ട്രീയം പ്രവചനാതീതമാക്കി. ഗോത്ര മേഖലയില്‍ പാര്‍ട്ടി നേടിയ ആധിപത്യത്തിന് നഷ്ടമുണ്ടായവരില്‍ ബിജെപിയും ഉണ്ട്. എന്നാല്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമുണ്ടായ തിരിച്ചടി അതിലേറെയാണ്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന്, സഖ്യം നേട്ടമായില്ലെന്ന് മാത്രമല്ല, നില കൂടുതല്‍ പരുങ്ങലിലുമാക്കി. സിറ്റിങ് സീറ്റുകളുടെ എണ്ണം സിപിഎമ്മിന് 11 ആയി കുറഞ്ഞു. വോട്ട് ഷെയറിലെ ഇടിവ് വലുതാണ്. 24.62 ശതമാനം വോട്ടാണ് ( അവസാനം ലഭ്യമായ കണക്ക് പ്രകാരം) ഇത്തവണ സിപിഎമ്മിന് നേടാനായത്. 43 ഇടത്ത് മാത്രമാണ് സിപിഎം ഇത്തവണ മത്സരിച്ചുള്ളൂ. എന്നാല്‍ വോട്ട് വിഹിതത്തിലെ കുറവ് ഇതിന് ആനുപാതികമല്ലെന്ന് സൂക്ഷ്മ വിലയിരുത്തലില്‍ വ്യക്തമാകും.

സിപിഎം പ്രചാരണറാലി
സിപിഎം പ്രചാരണറാലി

അഗര്‍ത്തല, ബനമലിപൂര്‍, കൈലാഷ്ഹാര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേവിന്‌റെ മണ്ഡലമായ ബനമലിപൂരിലും അഗര്‍ത്തലയിലും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തു. സിറ്റിങ് മണ്ഡലമായ കൈലാഷ്ഹാര്‍ സിപിഎം, കോണ്‍ഗ്രസിന് വിട്ടു നല്‍കുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരാജിത് സിന്‍ഹയാണ് വിജയിച്ചത്.

കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് ഭരണത്തുടർച്ച; മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി സർക്കാർ

13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ വീതം സിപിഐ, ഫോര്‍വേര്‍ഡ്‌ബ്ലേക്ക്, ആര്‍എസ്പി പാര്‍ട്ടികളും സ്വതന്ത്രനുമാണ് ഇടത് സഖ്യത്തില്‍ ജനവിധി തേടിയത്. മൂന്നിടത്ത് വിജയിച്ച കോണ്‍ഗ്രസിന് സഖ്യം നേട്ടമാണ്. വോട്ട് ശതമാനം 8.56 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിനായി. എന്നാല്‍ മറ്റ് സഖ്യകക്ഷികൾക്ക് ആർക്കും നിയമസഭയിലെത്താനായില്ല.

സബ്രൂം, ബമൂട്ടിയ, ബര്‍ജവാല, ബെലോണിയ, പ്രതാപ്ഘട് എന്നീ അഞ്ച് മണ്ഡലങ്ങള്‍ സിപിഎം ഇത്തവണ തിരിച്ചുപിടിച്ചപ്പോള്‍ ഒന്‍പത് സീറ്റ് കൈവിട്ടു. ഇതില്‍ ധന്‍പൂര്‍ മണ്ഡലം ശ്രദ്ധേമാണ്. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാർ അഞ്ച് തവണ വിജയിച്ച ധന്‍പൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കാണ് സിപിഎം സ്ഥാനാര്‍ഥി കൗഷിക് ചന്ദയെ തോല്‍പ്പിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് മണിക് സര്‍ക്കാരിനോട് തോറ്റ മണ്ഡലത്തില്‍ വിജയിച്ച്, സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ പ്രതിമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന.

പ്രതിമ ഭൗമിക്ക്
പ്രതിമ ഭൗമിക്ക്

2016ല്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സഖ്യം, ത്രിപുരയിലും തിരിച്ചടിയാവുകയാണ് സിപിഎമ്മിന്. വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നിലയുറപ്പിച്ചവരെ ബിജെപി വിരുദ്ധതയുടെ പേരില്‍ മാത്രം ചേര്‍ത്തുനിര്‍ത്താനാവില്ലെന്ന് കൂടി തെളിയിക്കുകയാണ് കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ടിന്‌റെ പരാജയം. സഖ്യമല്ല സീറ്റ് ധാരണ മാത്രമെന്ന ന്യായീകരണം, കോണ്‍ഗ്രസുമായി മുഖാമുഖം വരുന്ന കേരളത്തിലടക്കം വിശദീകരിക്കാന്‍ സിപിഎമ്മിന് ഇനിയും പ്രയാസമാകും.

logo
The Fourth
www.thefourthnews.in