രാകേഷ് സിന്‍ഗ
രാകേഷ് സിന്‍ഗ

ഹിമാചലില്‍ ഏക സീറ്റും നഷ്ടപ്പെട്ട് സിപിഎം; രാകേഷ് സിന്‍ഗ നാലാം സ്ഥാനത്ത്

കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡ് മണ്ഡലം പിടിച്ചെടുത്തു
Updated on
1 min read

മോദി പ്രഭാവത്തെ അതിജീവിച്ച് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചപ്പോള്‍ സിപിഎമ്മിന് നഷ്ടമായത് ആകെയുള്ള സീറ്റ്. ഹിമാചലിലെ ഠിയോഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാകേഷ് സിന്‍ഗയാണ് ദയനീയ പരാജയം ഏറ്റു വാങ്ങിയത്. കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡ് മണ്ഡലം പിടിച്ചെടുത്തു. കുല്‍ദീപിനും ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തുള്ള രാകേഷ് പന്ത്രണ്ടായിരത്തോളം വോട്ടാണ് നേടിയത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിന്‍ഗ ഹിമാചലില്‍ നിന്നുള്ള ഏക സിപിഎം എംഎല്‍എ ആയത്. 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം അന്ന് നേടിയത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രാകേഷ് സിന്‍ഗ മുന്നിലായിരുന്നു

ബിജെപിയുടെ രാകേഷ് വര്‍മയെയായിരുന്നു 2017ല്‍ സിന്‍ഗ പരാജയപ്പെടുത്തിയത്. ഇത്തവണ രാകേഷ് വർമയുടെ ഭാര്യ ഇന്ദു വർമ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും സിന്‍ഗയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തുവെന്നത് മറ്റൊരു കൗതുകം. അജയ് ശ്യാമിനെയാണ് ഠിയോഗില്‍ ബിജെപി ഇത്തവണ കളത്തിലിറക്കിയത്. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി അത്തര്‍ സിങ് ചന്ദേലും മത്സരിച്ചു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രാകേഷ് സിന്‍ഗ മുന്നിലായിരുന്നു. അത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികള്‍ വലിയ മുന്നേറ്റം നടത്തുകയായിരുന്നു.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുല്‍ദീപിന്റെ ആദ്യ തിരഞ്ഞെടുപ്പ് ആയിരുന്നു ഇതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവായ വിദ്യാ സ്‌റ്റോക്ക്‌സ് കാലങ്ങളായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ഠിയോഗ്. 2017-ലെ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വീരഭദ്ര സിങ്ങിനു വേണ്ടി വിദ്യ കളമൊഴിഞ്ഞുകൊടുത്തു. എന്നാല്‍ അവസാനനിമിഷം വീരഭദ്ര സിങ് മറ്റൊരു മണ്ഡലത്തിലേക്ക് മാറി. അതോടെ യുവനേതാവ് ദീപക് റാത്തോഡിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയെങ്കിലും അദ്ദേഹം രാകേഷിനോട് പരാജയപ്പെട്ടു. ആ വിജയത്തോടെ 24 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു സിപിഎം അംഗം ഹിമാചല്‍ നിയമസഭയിലെത്തി. ഈ വർഷം ജൂണിലാണ് രാകേഷ് വര്‍മയുടെ ഭാര്യ ഇന്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ചു.

രാകേഷ് സിന്‍ഗ
സിപിഎം നിർണായക ശക്തിയായി മാറും; ഹിമാചലില്‍ ഇത്തവണയും മികച്ച വിജയം നേടുമെന്ന് രാകേഷ് സിംഗ

ഹിമാചലില്‍ സിപിഎം ഈ വർഷം നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് രാകേഷിന്റെ പരാജയം. ജൂണില്‍ ഷിംല കോര്‍പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നിരുന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് ബിജെപിയില്‍ ചേർന്നത്

logo
The Fourth
www.thefourthnews.in