ബിജെപി പ്രതികാരബുദ്ധിയോടെ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
രാജ്യത്ത് മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വർഗീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്തിന്റെ പലഭാഗങ്ങളായി മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയെ തുടർന്നാണ് വർഗീയ ആക്രമണങ്ങൾ മൂർച്ച കൂട്ടുന്നതെന്ന് പോളിറ്റ് ബ്യുറോ വിമർശിച്ചു. ബിജെപിയുടെയും മറ്റ് വർഗീയ സംഘടനകളുടെയും ഇത്തരം അശാസ്ത്രീയമായ കുതന്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ബിജെപിയും ഹിന്ദുത്വ വർഗീയ ശക്തികളും ധ്രുവീകരണത്തിനുള്ള അവരുടെ ശ്രമങ്ങൾ തീവ്രമാക്കും എന്നാണ് വർഗീയ ആക്രമങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് പത്രക്കുറിപ്പിൽ വിമർശിക്കുന്നു. രാജ്യത്ത് നടന്ന വിവിധ സംഭവങ്ങൾ പ്രത്യേകം പരാമർശിച്ച് കൊണ്ടാണ് വിമർശനം.
"തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള കാലയളവിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം സമുദായാംഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ അപലപിക്കുന്നു. ഛത്തീസ്ഗഢിൻ്റെ തലസ്ഥാനമായ റായ്പൂരിൽ കാളകളെ കടത്തുകയായിരുന്ന മൂന്ന് മുസ്ലീം പുരുഷന്മാരെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി പശു സംരക്ഷകർ എന്ന് വിളിക്കുന്നവർ കൊലപ്പെടുത്തി. അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ മണ്ഡലയിൽ ഫ്രിഡ്ജിൽ നിന്ന് ബീഫ് കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം 24 മണിക്കൂറിനുള്ളിൽ മുസ്ലീങ്ങളുടെ പതിനൊന്ന് വീടുകൾ തകർത്തു. മുസ്‌ലിംകൾ കൂടുതലുള്ള പ്രദേശമായ ലഖ്‌നൗവിലെ അക്ബർനഗറിൽ, ആയിരത്തിലധികം കുടുംബങ്ങളുടെ വീടുകൾ നദീമുഖത്തിൻ്റെ നിർമ്മാണത്തിനായി ബുൾഡോസർ ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ പാർപ്പിട പദ്ധതിക്ക് കീഴിൽ താഴ്ന്ന വരുമാനക്കാരുടെ ഭവന സമുച്ചയത്തിൽ മുസ്ലിം സ്ത്രീക്ക് ഫ്ലാറ്റ് അനുവദിച്ചതിനെതിരെ അയൽപക്കത്തെ ഹിന്ദു സമുദായത്തിൽപ്പെട്ട ആളുകൾ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.
ഹിമാചൽ പ്രദേശിലെ നഹാനിൽ, ഈദ്-അൽ-അദ്ഹയ്ക്കിടെ പശുവിനെ ബലിയർപ്പിച്ചുവെന്നാരോപിച്ച് ഒരു മുസ്ലിമിൻ്റെ കട കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലീം കട ഉടമകളും പലായനം ചെയ്യാൻ നിർബന്ധിതരായി. ഡൽഹിയിലെ സംഗം വിഹാറിൽ ആരാധനാലയത്തിന് സമീപം പശുവിൻ്റെ ശവം കണ്ടെടുത്തതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകളുടെ പ്രകോപനപരമായ പ്രസംഗങ്ങളെ തുടർന്ന് പ്രദേശവാസികൾ പലായനം ചെയ്തതായി റിപ്പോർട്ടുണ്ട്. " പോളിറ്റ് ബ്യുറോ വ്യക്തമാക്കുന്നു.
രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ഹീനമായ ശ്രമങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള പാർട്ടി യൂണിറ്റുകൾ ഉടൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും പോളിറ്റ് ബ്യുറോ ആഹ്വാനം ചെയ്തു.